സിവില്‍ സ്‌റ്റേഷനില്‍ കാത്തിരിക്കുന്നുണ്ട് 'മഴക്കുഴികള്‍'; വലഞ്ഞ് പൊതുജനം

കാസര്‍കോട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ പൊതുജനങ്ങളെ കാത്തിരിക്കുന്നത് വെള്ളം നിറഞ്ഞ കുഴികള്‍. ജില്ലാ പഞ്ചായത്തിന്റെ സമീപം സിവില്‍ സ്റ്റേഷനിലേക്കുള്ള വഴിയിലാണ് ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസമായി കനത്ത മഴ പെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായി മാറി. വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട പ്രായമായവര്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് 'നീന്തി' വേണം ഓഫീസിലെത്താന്‍. ബി.സി റോഡ് ഭാഗത്ത് നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന ജനങ്ങള്‍ ജില്ലാ പഞ്ചായത്തിന് സമീപമുള്ള ഇടവഴിയിലൂടെയാണ് സിവില്‍ സ്റ്റേഷന്‍ പരിസരത്തേക്ക് കടക്കുന്നത്. ഇതിലൂടെ വരുമ്പോള്‍ ഈ വെള്ളക്കെട്ടുകള്‍ താണ്ടി വേണം ഓഫീസുകളിലെത്താന്‍.

ജില്ലാ പഞ്ചായത്ത് ഓഫീസിന് പിറക് വശത്തുള്ള പ്ലാനിംഗ് ഓഫീസിന് ഇടതുവശത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സിവില്‍ സ്റ്റേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വിവിധ സേവനങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളാണ് വെള്ളക്കെട്ടിനുമുന്നില്‍ പകച്ചുനില്‍ക്കേണ്ടി വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ പിറക് വശം കഴിഞ്ഞ വര്‍ഷം വരെ വെള്ളക്കെട്ട് രൂക്ഷമായി കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പിന്നാലെ മഴയ്ക്ക് ശേഷം ഇവിടെ ഇന്റര്‍ലോക്കുകള്‍ പാകിയിരുന്നു. എന്നാല്‍ ഇത്തവണ മഴ പെയ്തതോടെ ഇന്റര്‍ലോക്കിന് മുകളിലും വെള്ളം കെട്ടിനില്‍ക്കുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it