മഴ മാറുന്നില്ല; പാതിവഴിയിലായി ജില്ലയിലെ ദേശീയപാത നിര്‍മാണപ്രവൃത്തി

കാസര്‍കോട്: കാലവര്‍ഷം പിന്നിട്ടിട്ടും ജില്ലയില്‍ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മെയ് മാസം അവസാന വാരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ജില്ലയില്‍ മഴ മാറി വെയില്‍ വന്ന ദിവസങ്ങള്‍ ചുരുക്കം. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ജില്ലയിലെ ദേശീയപാത നിര്‍മാണ പ്രവൃത്തി അവതാളത്തിലായിരിക്കുകയാണ്. മഴമാറിയെന്ന് കരുതിയപ്പോഴാണ് കഴിഞ്ഞ ദിവസം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ വീണ്ടും മഴയെത്തിയത്.

ആദ്യ റീച്ചായ ചെങ്കള-തലപ്പാടി റീച്ചില്‍ മാത്രമാണ് നിര്‍മാണപ്രവൃത്തി അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സര്‍വീസ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ഇന്റര്‍ലോക്കുകള്‍ പാകുന്ന പ്രവൃത്തിയാണ് ഒന്നാം റീച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍ രണ്ടും മൂന്നും റീച്ചില്‍ നിര്‍മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് രണ്ട് റീച്ചുകളിലെയും നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിതു പോലെ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തികരിക്കാനാവുമോ എന്നതാണ് ഉയരുന്ന സംശയം. പലയിടങ്ങളിലും നിര്‍മാണം എങ്ങുമെത്തിയില്ല. അടിപ്പാതയ്ക്കായി ഉയര്‍ത്തി നിര്‍മിച്ച ദേശീയ പാതയില്‍ പലയിടങ്ങളിലും മണ്ണിറക്കേണ്ടതുണ്ട്. മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്നു. സര്‍വീസ് റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി.

ചെങ്കള-നീലേശ്വരം രണ്ടാം റീച്ചില്‍ നിര്‍മാണ പ്രവൃത്തി പാതിവഴിയിലാണ്. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തി ആരോപിച്ച് നേരത്തെ തന്നെ നിര്‍മാണകമ്പനിക്കെതിരെ ജനപ്രതിനിധികളും നാട്ടുകാരും രംഗത്തുവന്നിരുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ കനത്ത മഴ കാരണം മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി തവണ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വന്നു. പ്രവൃത്തി പൂര്‍ണതോതില്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും ഏറെ സമയമെടുക്കും. നീലേശ്വരത്തും നിര്‍മാണപ്രവൃത്തി ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി എങ്ങുമെത്തിയില്ല. സര്‍വീസ് റോഡും കൂടി തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതവും ദുസ്സഹമായി.

കാസര്‍കോട് ജില്ലയില്‍ ദേശീയപാത 66ല്‍ മൂന്ന് റീച്ചുകളാണുള്ളത്. ഇതില്‍ 39 കി.മീ ദൈര്‍ഘ്യമുള്ള ആദ്യ റീച്ചായ തലപ്പാടി- ചെങ്കള റീച്ച് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുനല്‍കി. ഇവിടെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടും മൂന്നും റീച്ചായ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലായി 13 കിലോമീറ്റര്‍ പ്രവൃത്തിയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. രണ്ടാം റീച്ച് 37.268 കി.മീ ദൈര്‍ഘ്യമാണുള്ളത്. മൂന്നാം റീച്ചില്‍ കാലിക്കടവ് വരെ 6.85 കി.മീറ്ററും ദൈര്‍ഘ്യമുണ്ട്. രണ്ടാം റീച്ചില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയും മൂന്നാം റീച്ചില്‍ ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്ന് പരിസരത്തുമാണ് നിര്‍മാണ പ്രവൃത്തി ഏറെ വെല്ലുവിളി നേരിടുന്നത്. മറ്റിടങ്ങളിലും നിര്‍മാണ പ്രവൃത്തി പാതി വഴിയിലാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it