ഇരിയണ്ണി സ്‌കൂളില്‍ റാഗിംഗും അക്രമവും; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; 15 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അക്രമത്തിന് പിന്നാലെ ലഹരി വസ്തു ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതി

ആദൂര്‍: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിംഗിലും അക്രമത്തിലും അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളിലായി 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ മുളിയാര്‍ മുണ്ടക്കൈയിലെ അഹമ്മദ് കബീറിന്റെ(17) പരാതിയില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഇരിയണ്ണി കുതിരക്കോടിലെ ഗോകുല്‍ കൃഷ്ണ(18)യുടെ പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് കേസ്.
ബുധനാഴ്ച രാവിലെ 9 മണിയോടെ പത്ത് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ കയറി അഹമ്മദ് കബീറിനെയും സഹപാഠികളായ മൂന്നുപേരെയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അഹമ്മദ് കബീറിന്റെ കഴുത്തിനും ചെവിക്കും കവിളത്തും പരിക്കേറ്റു. വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോകുല്‍ കൃഷ്ണയെ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ സ്‌കൂളിലെ മൂത്രപ്പുരയില്‍ വെച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കൂള്‍ എന്ന ലഹരിവസ്തു ഉപയോഗിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നും ഗോകുലിന്റെ പരാതിയില്‍ പറയുന്നു.