പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയില്‍ പത്തിലേറെ തൊഴിലാളികള്‍ മരിച്ചെന്ന പ്രചാരണം പരിഭ്രാന്തി പരത്തി
സിതാംഗോളി, നായ്ക്കാപ്പ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്രവര്‍ത്തനത്തിന് വേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യ വാഹനങ്ങളും ആബുലന്‍സുകളും പാഞ്ഞെത്തി

കുമ്പള: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ ബോയ് ലര്‍ പൊട്ടിത്തെറിച്ച് പത്തില്‍ പരം തൊഴിലാളികള്‍ മരിച്ചെന്നും പലരും തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയെന്നുമുള്ള പ്രചാരണം പരക്കെ പരിഭ്രാന്തി പരത്തി. ഇതോടെ സിതാംഗോളി, നായ്ക്കാപ്പ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്രവര്‍ത്തനത്തിന് വേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യ വാഹനങ്ങളും ആബുലന്‍സുകളും പാഞ്ഞെത്തി. പരിക്കേറ്റവരെ കിട്ടിയ വാഹനങ്ങളില്‍ കയറ്റി കുമ്പളയിലെ സ്വകാര്യാസ്പത്രികളില്‍ എത്തിച്ചു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന നജീറുല്‍ അലി(23) മരിക്കുകയും ഗുരുതരമായി പരിക്കേറ്റ ആറോളം തൊഴിലാളികളെ മംഗളൂരുവിലെ ആസ്പത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടെന്നും പലരും തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞു പരത്തുകയായിരുന്നു. ഇതോടെ ഫാക്ടറിയുടെ അടുത്തേക്ക് പോകുന്നവരെ പൊലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും തടഞ്ഞു. രക്ഷപ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. പിന്നീട് രാത്രി 10 മണിയോടെ ഗ്യാസ് ചോര്‍ച്ച ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ ജെ.സി.ബി ഉപയോഗിച്ച് തകര്‍ന്ന കെട്ടിടത്തിന്റെ അവിഷ്ടങ്ങള്‍ മാറ്റി. ആരും കുടുങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും മടങ്ങിയത്.

