കുളങ്ങാട്ട് മലയിലും തൃക്കണ്ണാട്ടും മുന്‍കരുതല്‍ ശക്തിപ്പെടുത്തും: അടിയന്തര യോഗം ചേര്‍ന്നു

ഇടത് - തൃക്കണ്ണാട് വലത് - കുളങ്ങാട്ട് മല (ഫയൽ)
കാസര്‍കോട്: അതിതീവ്ര മഴയില്‍ വിള്ളല്‍ വീണ ചെറുവത്തൂര്‍ കുളങ്ങാട്ട് മലയിലും കടലേറ്റം രൂക്ഷമായ തൃക്കണ്ണാട്ടും മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. കുളങ്ങാട്ട് മലയില്‍ വീണ്ടും വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ പൊലീസ്, ഫയര്‍ ഫോഴ്സ് , വനം , തദ്ദേശസ്വയംഭരണം വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു. അപകടാവസ്ഥയില്‍ ഭീഷണിയായി നിലനില്‍ക്കുന്ന മേഖലകളില്‍ കാഴ്ചക്കാരായി ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായും ഒഴിവാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്കി.
രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശ മേഖലകളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കും. തൃക്കണ്ണാട് ,കോട്ടിക്കുളം തീരത്ത് കടലേറ്റം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്കി.അപകട നിലയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.എ ഡി എം, പി അഖില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.