കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി; നിരവധി പേര്‍ക്കെതിരെ കേസ്

കുമ്പളയില്‍ സ്‌കൂട്ടര്‍ മരത്തിലിടിച്ച് 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കര്‍ശന നടപടികളാരംഭിച്ചത്

കാഞ്ഞങ്ങാട് : കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കുന്ന ആര്‍.സി ഉടമകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസം കുമ്പളയില്‍ സ്‌കൂട്ടര്‍ മരത്തിലിടിച്ച് 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കര്‍ശന നടപടികളാരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഡസനിലേറെ കുട്ടി ഡ്രൈവര്‍മാരാണ് പൊലീസ് പിടിയിലായത്.

കാഞ്ഞങ്ങാട്ടും ബേക്കലിലുമായി പത്തിലേറെ കുട്ടി ഡ്രൈവര്‍മാര്‍ പൊലീസ് പരിശോധനയില്‍ കുടുങ്ങി. രാജപുരം, അമ്പലത്തറ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചന്തേര, ചീമേനി, നീലേശ്വരം, മേല്‍പ്പറമ്പ്, കാസര്‍കോട്, കുമ്പള, ആദൂര്‍, ബദിയടുക്ക, ബേഡകം, മഞ്ചേശ്വരം, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിയിലായി. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ രക്ഷിതാക്കള്‍ അടക്കം നിരവധി പേര്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പൊലീസ് പരിശോധനയും നടപടിയും തുടരും. കുമ്പളയില്‍ സ്‌കൂളിലേക്ക് സ്‌കൂട്ടര്‍ ഓടിച്ച് പോവുകയായിരുന്ന 15 കാരി അപകടത്തില്‍ മരിച്ചിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

മറ്റൊരു വിദ്യാര്‍ത്ഥിനിയും സ്‌കൂട്ടറിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് കോടതി 25,000 രൂപയാണ് പിഴ ശിക്ഷ വിധിക്കുന്നത്. മുമ്പ് 10,000 രൂപയായിരുന്നു പിഴ ശിക്ഷ. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് പിഴ ശിക്ഷയും ഇരട്ടിയിലേറെയാക്കിയത്. കോടതി പിരിയും വരെ തടവുശിക്ഷയുമുണ്ട്. പിഴ തുക കൂട്ടിയിട്ടും കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുകയാണ്.

Related Articles
Next Story
Share it