ഒടുവില്‍ പൊലീസ് സ്റ്റേഷന്‍ പറമ്പുകള്‍ ക്ലീനാവുന്നു: പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യും

കാസര്‍കോട്: വിവിധ കേസുകളുടെ ഭാഗമായി പൊലീസ് പിടികൂടി, സ്റ്റേഷന്‍ പറമ്പുകളില്‍ കാലങ്ങളോളം കൂട്ടിയിട്ട്, തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ ഒടുവില്‍ ലേലം ചെയ്യാന്‍ തീരുമാനം. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, മേല്‍പറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹൊസ്ദുര്‍ഗ്, ചിറ്റാരിക്കല്‍, ചന്തേര എന്നീ പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞങ്ങാട് നിര്‍മ്മിതി കേന്ദ്രത്തിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ട് പിടിയിലായ പിക്കപ്പ്, ഓട്ടോ, ലോറി, കാര്‍, ബൈക്കുകള്‍, വിവിധ ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുക. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യം ഇത്തരത്തില്‍ ലേല നടപടികള്‍ നടന്നിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ പലതും ദ്രവിച്ച്, നശിച്ച് മണ്ണിനോട് ചേര്‍ന്നിരിക്കുന്നവയാണ്. ഇത്തരം വാഹനങ്ങളില്‍ പലതും ആക്രി കച്ചവടക്കാര്‍ പോലും എടുക്കാത്ത തരത്തിലാണുള്ളത്. വാഹനങ്ങള്‍ സൂക്ഷിച്ചുവെക്കാനാവാതെ സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളും. ഇപ്രാവശ്യം ലേലം ചെയ്യുന്നവയില്‍ 161 വാഹനങ്ങള്‍ തകര്‍ന്ന് രൂപം പോലും നഷ്ടപ്പെട്ടവയാണ്. സ്‌ക്രാപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവ ലേലം ചെയ്യുന്നത്. 33 വാഹനങ്ങള്‍ റണ്ണിങ് കണ്ടീഷന്‍ അല്ലാത്തവയാണ്. നിലവില്‍ കേസിന്റെ നൂലാമാലകള്‍ പരിഹരിച്ചവയാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്. എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ഇ-ലേലമാണ് നടക്കുക. കുമ്പള പൊലീസ് സ്റ്റേഷനില്‍ മണലോടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് പുല്‍മുളച്ചും കുറ്റിക്കാടുകള്‍ പടര്‍ന്ന് പന്തലിച്ചും മണ്ണിനോട് ചേര്‍ന്നും നശിച്ചു കൊണ്ടിരിക്കുന്നത്. കുറെയെണ്ണം കോടതിയില്‍ കേസുള്ളവയാണ്. തീര്‍പ്പായതും ഇതില്‍ ഉള്‍പ്പെടും. വാഹനം ദ്രവിച്ച് നശിച്ചതിനാല്‍ തീര്‍പ്പായ വാഹനം ഏറ്റെടുക്കാന്‍ പോലും ആവശ്യക്കാര്‍ എത്തുന്നില്ല. ഇത് നന്നാക്കിയെടുത്ത് ഉപയോഗിക്കണമെങ്കില്‍ വന്‍ തുക തന്നെ മുടക്കേണ്ടി വരും. അതിനാല്‍ ആരും മുതിരുന്നില്ല.

ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് പത്തോ, ഇരുപതോ വാഹനങ്ങള്‍ ഇത്തരത്തില്‍ ലേലം ചെയ്താല്‍ പോലും അടുത്തിടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങള്‍ ലേല നടപടികളാകുവാന്‍ ഇനിയും കുറെ കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും ഈ വാഹനങ്ങളും മഴയും വെയിലും കൊണ്ട് നശിക്കും. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനായാല്‍ സര്‍ക്കാറിലേക്ക് കോടികളാണ് ലഭിക്കുക. തുരുമ്പെടുത്ത വാഹനങ്ങള്‍ ലേലത്തില്‍ നല്‍കിയാല്‍ നാലിലൊന്ന് വില പോലും സര്‍ക്കാറിന് ലഭിക്കുന്നില്ലെന്നതാണ് അവസ്ഥ.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it