ഉപ്പള ബസ് സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി

ബസുകള്‍ കയറാതായതോടെ വ്യാപാര സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്

ഉപ്പള: ഉപ്പള ബസ് സ്റ്റാന്റിലേക്ക് കയറാത്ത ബസുകള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. ഒരു വര്‍ഷത്തോളമായി കാസര്‍കോട് തലപ്പാടി ഭാഗത്ത് വരുന്ന സ്വകാര്യ ബസുകളും കര്‍ണാടക കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളുമടക്കം സ്റ്റാന്റില്‍ കയറാതെ സര്‍വീസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും പതിവായിരുന്നു. ഒരു വര്‍ഷം മുമ്പ് ഉപ്പള ബസ് സ്റ്റാന്റിന് സമീപത്തെ അടിപ്പാതയുടെ പണി തുടങ്ങുമ്പോള്‍ ബസുകള്‍ക്ക് സ്റ്റാന്റില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ആറുമാസം മുമ്പ് അടിപ്പാതയുടെ പ്രവൃത്തി തീര്‍ന്നിരുന്നുവെങ്കിലും ബസ് ജീവനക്കാര്‍ യാത്രക്കാരെ റോഡരികില്‍ ഇറക്കുന്നത് പതിവാക്കിയതോടെയാണ് കഴിഞ്ഞ ദിവസം നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസുകള്‍ തടഞ്ഞുനിര്‍ത്തി സ്റ്റാന്റില്‍ കയറ്റാന്‍ തുടങ്ങിയത്. ബസ് സ്റ്റാന്റില്‍ തലങ്ങും വിലങ്ങും സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ പിഴ ചുമത്തുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് പറഞ്ഞു. ഉപ്പള ബസ് സ്റ്റാന്റിനകത്തെ വ്യാപാര സ്ഥാപനങ്ങള്‍ വന്‍ തുക നല്‍കിയാണ് മുറികള്‍ വാടകക്ക് വാങ്ങിയിട്ടുള്ളത്. ബസുകള്‍ കയറാതായതോടെ വന്‍ നഷ്ടത്തിലായിരുന്നു വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോയത്.

Related Articles
Next Story
Share it