കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ പണി തുടങ്ങി പൊലീസ്; നിരവധി വാഹനങ്ങള്‍ പിടിച്ചു; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്
കസ്റ്റഡിയിലെടുത്തത് പന്ത്രണ്ടോളം വാഹനങ്ങള്‍

ബദിയടുക്ക: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍ പൊലീസ് പിടികൂടി. ബദിയടുക്ക, ബേക്കല്‍, ഹൊസ് ദുര്‍ഗ്, ചന്തേര, അമ്പലത്തറ, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി പന്ത്രണ്ടോളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളം ഉക്കിനടുക്ക റോഡിലെ ഗുണാജെയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്ക് തടഞ്ഞു.
ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് പിതാവ് മലങ്കര എലിഞ്ചയിലെ അബ്ദുല്ല(51)ക്കെതിരെ കേസെടുത്തു. ഇതേ സ്ഥലത്ത് മറ്റൊരു കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്കും പൊലീസ് പിടികൂടി. ആര്‍.സി ഉടമ മലങ്കര എലിഞ്ചയിലെ എന്‍ മുസ്തഫ(37)ക്കെതിരെ കേസെടുത്തു. പെരിയാട്ടടുക്കത്ത് പതിനഞ്ചുകാരന്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ മാതാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസില്‍ പ്രതിയായവരിലേറെയും അമ്മമാരാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കുട്ടികളോടിച്ച അമ്പതോളം വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് നടപടി ശക്തമാക്കുന്നുണ്ടെങ്കിലും കുട്ടികളോടിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. ഇത്തരം കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് കോടതി 25,000 രൂപയോളം പിഴ ശിക്ഷ വിധിക്കുന്നുണ്ട്. പൊലീസ് മുന്‍കൈയെടുത്ത് ബോധവല്‍ക്കരണവും നടപടിയുമായി മുന്നോട്ട് പോകുമ്പോഴും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.