ഭാര്യക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം മക്കള്‍ക്കൊപ്പം കടലില്‍ ചാടാനൊരുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി പൊലീസ്

കണ്ണൂര്‍ കുടിയാന്മല സ്വദേശിയാണ് മക്കള്‍ക്കൊപ്പം ബേക്കല്‍ കോട്ടയിലെത്തി കടലില്‍ ചാടാനൊരുങ്ങിയത്

കാഞ്ഞങ്ങാട്: ഇസ്രായേലിലുള്ള ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് മൂന്ന് മക്കള്‍ക്കൊപ്പം കടലില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബേക്കല്‍ ടൂറിസം പൊലീസ് രക്ഷപ്പെടുത്തി. കണ്ണൂര്‍ കുടിയാന്മല സ്വദേശിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മക്കള്‍ക്കൊപ്പം ബേക്കല്‍ കോട്ടയിലെത്തി കടലില്‍ ചാടാനൊരുങ്ങിയത്. 11, 9 വയസുള്ള ആണ്‍കുട്ടികളെയും ആറ് വയസുള്ള പെണ്‍കുട്ടിയെയും കൊണ്ടാണ് ജീവനൊടുക്കാനൊരുങ്ങിയത്. പരിഭ്രമത്തിലായ ഭാര്യ ഉടന്‍ തന്നെ കുടിയാന്‍മല പൊലീസില്‍ വിവരമറിയിച്ചതോടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി ബേക്കല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ എംവി ശ്രീദാസ് വിവരം നല്‍കിയതനുസരിച്ച് ടൂറിസം പൊലീസ് എ.എസ്.ഐ എംഎം സുനില്‍ കുമാര്‍ ബേക്കല്‍ കോട്ടയിലെത്തി യുവാവിനെയും മക്കളെയും തിരഞ്ഞു. ബേക്കല്‍ സ്റ്റേഷനിലെ പൊലീസുകാരായ വിജേഷ്, റെജിന്‍ എന്നിവരും പിന്നാലെ ബേക്കല്‍ കോട്ടയിലെത്തി. അതിനിടെ ഇവരുടേതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി. പിന്നാലെ നാലുപേരെയും റെഡ് മൂണ്‍ ബീച്ചില്‍ കണ്ടെത്തി. പിന്നീട് ഉദ്യോഗസ്ഥനെ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് കുടിയാന്‍മലയില്‍ നിന്നും പൊലീസെത്തി ഇവരെ സ്വദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Related Articles
Next Story
Share it