മണല്‍ കടത്തില്‍ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്; 2 പേര്‍ അറസ്റ്റില്‍
ആരിക്കാടിയിലെ മന്‍സൂര്‍ അലി, പെര്‍വാഡിലെ ജുസൈര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കുമ്പള: മണല്‍ കടത്തിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. മണല്‍ കടത്തിയതിന് കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഓമ് നി വാന്‍ കസ്റ്റഡിയിലെടുത്തു. ആരിക്കാടിയിലെ മന്‍സൂര്‍ അലി (31), പെര്‍വാഡിലെ ജുസൈര്‍(33) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ.ജിജേഷ്, എസ്.ഐ. ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ആരിക്കാടിയില്‍ അനധികൃത കടവില്‍ നിന്ന് ഓമ് നി വാനില്‍ 25 ചാക്ക് മണല്‍ കടത്തുന്നതിനിടെ ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. സര്‍ക്കാര്‍ സ്ഥലത്ത് നിന്ന് പൊതു മുതല്‍ കളവ് ചെയ്തു കൊണ്ടുപോകാന്‍ ശ്രമിച്ചതിന് 305(ഇ) വകുപ്പ് പ്രകാരമാണ് ഇവര്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുള്ളത്. രണ്ടുപേരെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
മുമ്പ് മണല്‍ കടത്ത് പിടി കൂടിയാല്‍ സ്റ്റേഷനില്‍ നിന്ന് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മണല്‍ കടത്ത് വ്യാപകമായതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. മണല്‍ മാഫിയക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതിന് ഒരു മാസം മുമ്പ് കുമ്പള പൊലീസ് സ്റ്റേഷനില്‍ നിന്ന് അഞ്ച് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീടാണ് മണല്‍ മാഫിയക്കെതിരെ കുമ്പള പൊലീസ് നടപടി ശക്തമാക്കിയത്.