12 കാരിയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന ലോട്ടറി സ്റ്റാള്‍ ഉടമയുടെ പൂര്‍വ്വചരിത്രം അന്വേഷിക്കാന്‍ ഒരുങ്ങി പൊലീസ്
എറണാകുളം പറവൂര്‍ സ്വദേശിയും മജീര്‍പ്പളത്ത് ലോട്ടറി സ്റ്റാള്‍ ഉടമയുമായ ജോജോ ജോസഫിന്റെ പൂര്‍വ ചരിത്രമാണ് പൊലീസ് അന്വേഷിക്കുന്നത്

ഹൊസങ്കടി: 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന ലോട്ടറി സ്റ്റാള്‍ ഉടമയുടെ പൂര്‍വ്വചരിത്രം അന്വേഷിക്കാന്‍ ഒരുങ്ങി പൊലീസ്. എറണാകുളം പറവൂര്‍ സ്വദേശിയും മജീര്‍പ്പളത്ത് ലോട്ടറി സ്റ്റാള്‍ ഉടമയുമായ ജോജോ ജോസഫി(58)നെ പറ്റിയാണ് മഞ്ചേശ്വരം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. ബട്ടിപ്പദവില്‍ ജോസഫിന്റെ വീട്ടില്‍ ജോലിക്ക് വന്ന സ്ത്രീയുടെ കൂടെ എത്തിയ 12കാരിയെ പീഡിപ്പിച്ചുവെന്നാണ് ജോജോ ജോസഫിനെതിരായ കേസ്.
ഈ കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത ജോസഫ് രണ്ടാഴ്ചയോളമായി ജയിലില്‍ കഴിയുകയാണ്. ഒന്നര വര്‍ഷം മുമ്പ് കേരള സംസ്ഥാന ലോട്ടറിയുടെ പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം താന്‍ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നുവെന്ന് ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ അവകാശിയെ പറ്റി പല പ്രാവശ്യം നാട്ടുകാര്‍ ചോദിച്ചിരുന്നുവെങ്കിലും കൂടുതല്‍ ടിക്കറ്റുകളും വിറ്റത് കര്‍ണാടക സ്വദേശികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണെന്ന് പറഞ്ഞ് ജോജോ ജോസഫ് ഒഴിഞ്ഞുമാറിയിരുന്നുവെന്നും ഇത് നാട്ടുകാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
പിന്നീട് വ്യാജ ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ് അടിച്ചതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇദ്ദേഹത്തിന്റെ കടയില്‍ പരിശോധന നടത്തുകയും കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇദ്ദേഹം മറ്റൊരു സ്ഥലത്ത് വ്യാജ ഓണ്‍ലൈന്‍ ടിക്കറ്റ് അടിച്ചതായും പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യം നേടിയതിനുശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. ഇതിനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായത്. അതുകൊണ്ടുതന്നെ ജോജോ ജോസഫിനെ പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.