മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
രണ്ട് മാസം മുമ്പ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ചാര്‍ജെടുത്ത കോഴിക്കോട് സ്വദേശി പികെ ജിജേഷിനാണ് കസേര തെറിച്ചത്

കുമ്പള: മണല്‍ക്കടത്ത് സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിടച്ചതടക്കമുള്ള നടപടി സ്വീകരിച്ച കുമ്പള സി.ഐ പി.കെ. ജിജേഷിന് കസേര തെറിച്ചു. രണ്ട് മാസം മുമ്പാണ് കോഴിക്കോട് സ്വദേശിയായ ജിജേഷ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ചാര്‍ജെടുത്തത്. തുടര്‍ന്ന് മണല്‍, ചെമ്മണ്ണ് കടത്ത്, മഡ്ക്ക തുടങ്ങിയ മാഫിയാ സംഘത്തിന് നേരെ മുഖം നോക്കാതെയുള്ള നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
മണല്‍ക്കടത്ത് സംഘത്തിന് പല പ്രാവശ്യം താക്കീത് നല്‍കുകയും ഇത് അനുസരിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പൊതുമുതല്‍ മോഷ്ടിച്ചു എന്ന കുറ്റത്തില്‍ മണല്‍ക്കടത്ത് സംഘത്തിലെ രണ്ടുപേരെ ജയിലിലടക്കുകയും തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത കടവുകള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കാനും നടപടി സ്വീകരിച്ചു. അനധികൃത ചെമ്മണ്ണ് കടത്തിനും മഡ്ക്ക ചൂതാട്ടത്തിനുമെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് നീങ്ങിയത് ഇത്തരം മാഫിയകളെ ചൊടിപ്പിച്ചിരുന്നു.
ചില രാഷ്ട്രീയ നേതാക്കള്‍ സ്റ്റേഷനിലെത്തി ചില കാര്യങ്ങള്‍ക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെങ്കിലും കൂട്ടാക്കിയിരുന്നില്ലത്രെ. ഇത് അവരെയും ചൊടിപ്പിച്ചിരുന്നു. നേരത്തെ കുമ്പള എസ്.ഐ ശ്രീജേഷും മണല്‍ കടത്ത് അടക്കമുള്ള മാഫിയകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങിയപ്പോള്‍ എസ്.ഐയെ മാറ്റാനുള്ള ശ്രമം ഉണ്ടായിരുന്നു. അതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി ജിജേഷിന്റെ വരവുകൂടി ഉണ്ടായതോടെ മണല്‍ സംഘത്തിന് മുട്ടുമടക്കേണ്ട സ്ഥിതിയുണ്ടായി.
സി.ഐയെ സ്ഥലം മാറ്റാന്‍ ഭരണപക്ഷത്തെ ചില നേതാക്കളെ മണല്‍ക്കടത്ത് സംഘം നേരിട്ട് ബന്ധപ്പെട്ടതായും സംസാരമുണ്ട്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം ഉണ്ടായത്. ഇതിന്റെ പേരിലാണ് ജിജേഷിനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.