വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷണം; അധ്യാപകര്‍ അവധിയില്‍ പോകും
ഡി.ഡി.ഇ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്നും മറ്റു കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് സ്റ്റാഫ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാര്‍ത്ഥിയുടെ പിതാവ് നവാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അതിനിടെ മൂന്ന് അധ്യാപകരോടും ഇന്ന് മുതല്‍ അവധിയില്‍ പോവാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സ്‌കൂള്‍ മാനേജ്മെന്റ് യോഗം നിര്‍ദ്ദേശം നല്‍കി.
വിശദീകരണം ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കാനും വിശദീകരണം ലഭിച്ച ശേഷം യോഗം ചേര്‍ന്ന് വേണ്ട നടപടി സ്വീകരിക്കാനുമാണ് മാനേജ്മെന്റ് തീരുമാനം. സംഭവത്തില്‍ ഡി.ഡി.ഇ വിശദീകരണം തേടിയിട്ടുണ്ട്. ഡി.ഡി.ഇ ഇന്ന് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്നും മറ്റു കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. ക്ലാസെടുക്കുന്നതിനിടെ അധ്യാപികയെ കളിയാക്കിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.