ചെര്‍ക്കളയില്‍ അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം; കണ്ടെത്തിയത് പൊലീസിന്റെ ലഹരിക്കേസ് അന്വേഷണത്തിനിടെ
275 സിലിണ്ടറുകള്‍ പിടികൂടി

ചെര്‍ക്കള: ലഹരിക്കേസിലെ അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയത് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം. ചേരൂര്‍ റഹ്‌മത്ത് നഗറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രമാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിക്കൊപ്പം യാത്ര ചെയ്തിരുന്ന ആളെ തേടിയെത്തിയ വിദ്യാനഗര്‍ പൊലീസാണ് റഹ്‌മത്ത് നഗറില്‍ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തിയത്.
റഹ്‌മത്ത് നഗറിലെ സക്കറിയയുടെ വീടിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിച്ചത്. ഇവിടെ പരിശോധന നടത്തിയ പൊലീസ് ഗാര്‍ഹികാവശ്യത്തിനുള്ള 144 സിലിണ്ടറുകളും വാണിജ്യാവശ്യത്തിനുള്ള 131 സിലിണ്ടറുകളും പിടിച്ചെടുത്തു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകം വില കൂടിയ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് മാറ്റി വില്‍പ്പന നടത്തി തട്ടിപ്പ് നടത്തുകയായിരുന്നു.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ ഗ്യാസിന് 870 രൂപയാണ് വിലയെങ്കില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1680 രൂപയാണ് വില. പിടിച്ചെടുത്ത സിലിണ്ടറുകള്‍ എച്ച്. പി ഭാരത് കമ്പനികളുടേതാണ്. സിലിണ്ടറുകളില്‍ പാചകവാതകം ഉണ്ടായിരുന്നു. ഗ്യാസ് മാറ്റുന്ന രണ്ട് പൈപ്പുകള്‍, സീല്‍ പതിക്കുന്ന ഉപകരണം എന്നിവയും ഇവിടെ നിന്നും പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് വെച്ച് യാതൊരു സുരക്ഷയുമില്ലാതെയാണ് പാചകവാതകം ഒരു സിലിണ്ടറില്‍ നിന്ന് മറ്റൊരു സിലിണ്ടറിലേക്ക് മാറ്റിയിരുന്നത്.
പിടിച്ചെടുത്ത സിലിണ്ടറുകള്‍ ചെര്‍ക്കള, കാസര്‍കോട് എന്നീ സ്ഥലങ്ങളിലെ ഗ്യാസ് ഏജന്‍സികളിലേക്ക് മാറ്റി. എവിടെ നിന്നാണ് ഇത്രയേറെ സിലിണ്ടറുകള്‍ അനധികൃത കേന്ദ്രത്തിലെത്തിയത് എന്നതിനെക്കുറിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി കൃഷ്ണ നായിക്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഇ പ്രഭാകരന്‍, പി കൊറഗപ്പ, ദിലീപ്, പ്രഭ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. താലൂക്ക് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കലക്ടര്‍ക്ക് നല്‍കും. കലക്ടറായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.