കാസര്‍കോട്ട് പൊലീസ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; കുമ്പള സ്വദേശിക്ക് പരിക്ക്
അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ ബസിനടിയിലേക്ക് കയറിപ്പോയി

കാസര്‍കോട്: കാസര്‍കോട്ട് ദേശീയപാതയില്‍ പൊലീസ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുമ്പള സ്വദേശിക്ക് പരിക്കേറ്റു. കുമ്പളയിലെ പ്രകാശിനാണ്(35) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് കറന്തക്കാട്ടാണ് അപകടമുണ്ടായത്. പൊലീസ് ബസ് മധൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ദേശീയപാതയിലൂടെ വരികയായിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിനിടെ സ്‌കൂട്ടര്‍ ബസിനടിയിലേക്ക് കയറിപ്പോയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവര്‍ ഉടന്‍ തന്നെ പ്രകാശിനെ സമീപത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ഇടുപ്പിനും കൈയ്ക്കും സാരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു.
Next Story