കാസര്‍കോട് ഫ്‌ളീക്ക് സമാപനം: ഹനാന്‍ഷായെ കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
നഗരം വീര്‍പ്പുമുട്ടി, തിരക്കില്‍പ്പെട്ട് പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം

കാസര്‍കോട്: കാസര്‍കോട് ഫ്‌ളീയുടെ സമാപന ദിവസം, യുവാക്കളുടെ ഹരമായ ഹനാന്‍ഷായുടെ ഗാനമേള കേള്‍ക്കാന്‍ ഒഴുകിയെത്തിയ അത്ഭുത പൂര്‍വ്വമായ ജനക്കൂട്ടത്തെ കൊണ്ട് നഗരം വീര്‍പ്പുമുട്ടി. കാസര്‍കോട് കണ്ട വലിയ ജനക്കൂട്ടത്തിനാണ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളുമടക്കം പലരും ബോധരഹിതരായി വീണു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ലാത്തിയടിയേറ്റും ഓടുന്നതിനിടെ വീണും പലര്‍ക്കും പരിക്കേറ്റു.
പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്പീഡ്‌വെ ഗ്രൗണ്ടില്‍ ഒരുക്കിയ കാസര്‍കോട് ഫ്‌ളീയില്‍ കലാപരിപാടികള്‍ കാണാന്‍ കഴിഞ്ഞ രണ്ട് ദിവസവും വലിയ തിരക്കായിരുന്നുവെങ്കിലും സമാപന ദിവസമായ ഇന്നലെ രാത്രി യുവാക്കളുടെ പ്രിയ ഗായകന്‍ ഹനാന്‍ഷായെ കേള്‍ക്കാന്‍ വൈകിട്ട് 5 മണി മുതല്‍ തന്നെ ആള്‍ക്കൂട്ടം നിറഞ്ഞൊഴുകിയിരുന്നു. ആയിരങ്ങള്‍ പ്രദര്‍ശന വേദിക്കകത്ത് കയറിയെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ പേര്‍ അകത്ത് കയറാനാവാതെ പുറത്ത് തടിച്ചുകൂടിയിരുന്നു. തിരക്കിന്റെ നീളം മീറ്ററുകളോളം നീണ്ടു. രാത്രി 7 മണിയോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിയായി. സ്ത്രീകളും കുട്ടികളുമടക്കം അപ്പോഴും പ്രദര്‍ശന നഗരിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഫ്‌ളൈ ഓവറിന് താഴെ നിലയുറപ്പിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ലാത്തി വീശിയിട്ടും ഫലമുണ്ടായില്ല. അതിനിടെ പൊലീസിനെ ഭയന്നോടുന്നതിനിടയില്‍ പലര്‍ക്കും വീണു പരിക്കേറ്റു. ഇതിനിടയില്‍ ഹനാന്‍ഷാ സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടത്തെ ഭേദിച്ച് വേദിയിലെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു മണിക്കൂറോളം നേരം വാഹനത്തില്‍ കാത്തിരുന്ന ഗായകനെ പിന്നീട് മറ്റൊരു വാഹനത്തില്‍ കയറ്റി പൊലീസ് സഹായത്തോടെ വേദിയുടെ മുന്‍ഭാഗത്ത് എത്തിക്കുകയായിരുന്നു. ഇതുവഴി അകത്ത് കയറാന്‍ വഴിയില്ലാത്തതിനാല്‍ അലുമിനിയം ഷീറ്റ് തകര്‍ത്താണ് അകത്ത് കടത്തിയത്. ഹനാന്‍ഷാ എത്തിയതോടെ പ്രദര്‍ശന നഗരി ഇളകി മറിഞ്ഞു. ഗായകനൊപ്പം പാടിയും നൃത്തം വെച്ചും കാണികള്‍ ആവേശം കൊണ്ടു.
ജനക്കൂട്ടത്തിന് അപകടങ്ങളൊന്നും സംഭവിക്കാതെ നോക്കാന്‍ ജില്ലാ പൊലീസ് മേധാവി വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സര്‍വ്വ സജ്ജമായി സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയില്‍ തിരക്കില്‍പ്പെട്ട് ബോധരഹിതരായി വീണവരെ ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് മാറ്റി. ആംബുസന്‍സുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന രംഗങ്ങള്‍ പരിഭ്രാന്ത്രി പരത്തി. ഏത് സാഹചര്യവും നേരിടാനായി നിരവധി പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്‌സ് എഞ്ചിനും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഏതാനും പാട്ടുകള്‍ മാത്രം പാടി ഹനാന്‍ഷാ വേദി വിട്ടു. തൊട്ടുപിന്നാലെ പൊലീസ് ഇടപെട്ട് എല്ലാവരെയും പ്രദര്‍ശനവേദിയില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
അതിനിടെ, മനുഷ്യജീവനും പൊതുജന സുരക്ഷക്കും അപകടം വരുത്തുംവിധം പ്രവര്‍ത്തിച്ചുവെന്ന വകുപ്പുകള്‍ പ്രകാരം സംഘാടകര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.

