പാലിയേറ്റീവ് കെയര്‍ ഗ്രിഡ്; ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് 11,314 രോഗികള്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍, സന്നദ്ധ സംഘടനകളുടെയും പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരുടെയും പിന്തുണയോടെ, ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും സാമൂഹ്യവും മാനസികവുമായ പരിചരണം വീട്ടിലെത്തി നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡില്‍ ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് 11,314 രോഗികള്‍ .

51 സര്‍ക്കാര്‍ സംവിധാനങ്ങള്‍, 43 സര്‍ക്കാര്‍ഇതര സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഇവ മുഖേനയാണ് രോഗികള്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നത്. 247 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, 48 കുടുംബാരോഗ്യകേന്ദ്രങ്ങള്‍, 16 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ ആറ്, എട്ട് പ്രധാന ആശുപത്രികളും, പദ്ധതി ആരംഭിച്ച് ഇതിനോടകം 28417 ഭവനസന്ദര്‍ശനം നടത്തി.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 6226 സ്ത്രീകളാണ്. 4335 പുരുഷമാരും ആറ് പേര് മറ്റു വിഭാഗത്തിലുള്ളവറുമാണ്. 71 മുതല്‍ 80 വയസ്സുവരെയുള്ള വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വിഭാഗത്തില്‍ മാത്രം 3,059 പേരുണ്ട്. 61-70 ഉള്ളവരില്‍ 2,424 പേരും 81-90 പ്രായക്കാര്‍ 1,929 പേരുമാണ് ഉള്ളത്. 51-60 വയസ്സിനിടയില്‍ 1,378 പേരും 41-50 പ്രായക്കാര്‍ 744 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 31-40 വയസ്സുകാരില്‍ 268 പേരും 19-30 പ്രായക്കാര്‍ 171 പേരുമാണ് രേഖപ്പെടുത്തപ്പെട്ടത്. 0-18 വയസ്സുവരെയുള്ള കുട്ടികളിലും 101 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 91 വയസിന് മുകളിലുള്ളവരില്‍ 449 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവരില്‍ 1983 പേര്‍ക്ക് സ്വയം ചലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 1439 പേര്‍ക്ക് സഹായത്തോടെ മാത്രമേ നില്‍ക്കാന്‍ കഴിയൂ. വീടിനുള്ളില്‍ സഹായത്തോടെ നടക്കാന്‍ കഴിയുന്നവരുടെ എണ്ണം 1407 ആണ്. 1241 പേര്‍ക്ക് കിടക്കയില്‍ സഹായത്തോടെ മാത്രമേ ഇരിക്കാന്‍ കഴിയൂ. സ്വയം കിടക്കയില്‍ തിരിഞ്ഞു കിടക്കാന്‍ കഴിയുന്നവര്‍ 1017 പേരും, സ്വയം ഇരിക്കാനാകുന്നവര്‍ 872 പേരുമാണ്. സ്വതന്ത്രമായി സജീവരായി കഴിയുന്നവര്‍ വെറും 611 പേരാണ്. വീടിനുള്ളില്‍ നടക്കാന്‍ കഴിയുന്നുവെങ്കിലും പുറത്തേക്ക് പോകാന്‍ പരസഹായം ആവശ്യമുള്ള 479 പേരുണ്ട്.

പാലിയേറ്റീവ് കെയര്‍ സംഘങ്ങള്‍ വീടുകളിലെത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആശ്വാസപരിചരണം നല്‍കുന്നത്. പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ-ഹോംകെയര്‍, ഹോമിയോസംഘം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.പി.എച്ച്.എന്‍, ആശാ-സന്നദ്ധ പ്രവര്‍ത്തകര്‍, ക്യാമ്പസ് പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് സേവനങ്ങള്‍ നല്‍കുന്നത്. ആരോഗ്യപരിശോധന, വൈദ്യസഹായം, മരുന്നുകള്‍, പരിചരണസാമഗ്രികള്‍, വീല്‍ചെയര്‍, വാട്ടര്‍ബെഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി നിശ്ചിത ഇടവേളകളില്‍ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it