ബൈക്ക് മഴയില്‍ തെന്നിമറിഞ്ഞ് ബസിനിടിയില്‍പെട്ട് പാലക്കുന്ന് സ്വദേശി മരിച്ചു
ചന്ദ്രപുരത്തെ വിശ്വനാഥന്റെയും സജിനിയുടെയും മകന്‍ വിഷ്ണു ആണ് അപകടത്തില്‍ മരിച്ചത്

ഉദുമ: ബൈക്ക് മഴയില്‍ തെന്നിമറിഞ്ഞ് ബസിനടിയില്‍പെട്ട് പാലക്കുന്ന് സ്വദേശി മരിച്ചു. പാലക്കുന്ന് ചന്ദ്രപുരത്തെ വിശ്വനാഥന്റെയും സജിനിയുടെയും മകന്‍ വിഷ്ണു(29) ആണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ കൂത്തുപറമ്പ് ടൗണിലെ തലശ്ശേരി-വളവുപാറ റോഡിലാണ് അപകടമുണ്ടായത്. മാര്‍ക്കറ്റിങ് ഏജന്‍സിയായ ആര്‍.ബി.സി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന വിഷ്ണു പാറാലിലാണ് താമസിച്ചിരുന്നത്.
മുടി മുറിക്കാനായി പാറാല്‍ ഭാഗത്തേക്ക് വിഷ്ണു ബൈക്കില്‍ പോകുമ്പോള്‍ ചാറ്റല്‍ മഴയില്‍ തെന്നി മറിഞ്ഞ് ബസിനടിയില്‍ പെടുകയായിരുന്നു. ബൈക്കില്‍ നിന്ന് പിടിവിടാതിരുന്ന വിഷ്ണു ബൈക്ക് കറങ്ങിത്തിരിയുമ്പോള്‍ ബൈക്ക് സഹിതം റോഡിന് മധ്യത്തിലേക്ക് മറിയുകയും തൊട്ടുപിറകെ വന്ന ബസിനടിയില്‍ പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ കൂത്തുപറമ്പ് ഗവ. താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.