പടന്നക്കാട് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം

കാഞ്ഞങ്ങാട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസില്‍ ഒന്നാം പ്രതി പി.എ സലീമിന് ഇരട്ട ജീവപര്യന്തം. ഹൊസ്ദുര്‍ഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി.എം സുരേഷാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.രണ്ടാം പ്രതിയും സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും വിധിച്ചു. സലീമും സുവൈബയും കുറ്റക്കാരാണെന്ന്് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോക്‌സോ വകുപ്പില്‍ കാമാസക്തിക്കായി കുട്ടിയെ സമീപിച്ചു, കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയത്. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കണക്കാക്കിയും ശിക്ഷനല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

2024 മെയ് 15നാണ് സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിതാവ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പോയ സമയത്ത് അകത്തുകടന്ന സലീം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.പീഡനത്തിന് ശേഷം കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് സ്വര്‍ണക്കമ്മലുമായി പ്രതി രക്ഷപ്പെടുകയാണുണ്ടായത്. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ഹൊസ് ദുര്‍ഗ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും സലീമിനെ ഒമ്പത് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സലീം തട്ടിയെടുത്ത സ്വര്‍ണക്കമ്മല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് സഹോദരി സുവൈബയെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. കേസിന്റെ വിചാരണവേളയില്‍ 62 സാക്ഷികളെ വിസ്തരിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it