അമ്മയ്ക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകനെ ജയിലിലടക്കാന്‍ ഉത്തരവ്

മടിക്കൈ കാഞ്ഞിരപ്പൊയില്‍ ചോമംകോട് ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന്‍ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിക്കെതിരെയാണ് വിധി

കാഞ്ഞങ്ങാട്: അമ്മയ്ക്ക് സംരക്ഷണ ചെലവ് നല്‍കണമെന്ന കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിക്കാത്ത മകനെ ജയിലില്‍ അടക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. മടിക്കൈ കാഞ്ഞിരപ്പൊയില്‍ ചോമംകോട് ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന്‍ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിക്കെതിരെയാണ് വിധി.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമാണ് ഏലിയാമ്മ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് സംരക്ഷണ തുകയായി 2000 രൂപ മാസംതോറും നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഈ തുക മകന്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഏലിയാമ്മ പരാതി നല്‍കി. ഏപ്രില്‍ 24നാണ് പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളില്‍ നല്കണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന ട്രൈബ്യൂണല്‍ നോട്ടിസ് നല്‍കി. എന്നാല്‍ നോട്ടീസ് മടങ്ങുകയായിരുന്നു.

10 ദിവസം കഴിഞ്ഞ് മകന്‍ തുക നല്‍കാത്തതിനാല്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വാറണ്ട് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി തനിക്ക് പണം നല്‍കാന്‍ കഴിയില്ലെന്ന് പ്രതീഷ് അറിയിച്ചു. തന്റെ സഹോദരി അമ്മയ്ക്ക് ചെലവിന് നല്‍കുന്നില്ലെന്ന് ട്രൈബ്യൂണല്‍ മുമ്പാകെ പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ പരാതിയില്ലെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. ജൂലൈ പത്തിന് നടന്ന വിചാരണയില്‍ പരാതിക്കാരിയും എതിര്‍കക്ഷിയും ഹാജരായിരുന്നു. തുക നല്‍കാന്‍ തയാറല്ലെന്ന് പ്രതീഷ് ആവര്‍ത്തിച്ചു.

പിന്നീട് ഒരവസരം കൂടി നല്‍കി. ഒരു ഗഡു സംരക്ഷണ ചെലവ് നല്‍കണമെന്നും അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. എന്നാല്‍ ഇതും പാലിക്കപ്പെട്ടിട്ടില്ലെന്ന ഏലിയാമ്മയുടെ പരാതിയിലാണ് ട്രൈബ്യൂണല്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്.

Related Articles
Next Story
Share it