ഓപ്പറേഷന്‍ സൈ ഹണ്ട് ; ജില്ലയില്‍ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ 112 ഇടങ്ങളില്‍ റെയ്ഡ് നടത്തി

കാസര്‍കോട് : സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ വ്യാപക റെയ്ഡ്. ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായാണ് പരക്കെ പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ 112 ഇടങ്ങളില്‍ റെയ്ഡ് നടത്തി. സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി, എ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒമാര്‍ അടങ്ങുന്ന സംഘം ജില്ലാ സൈബര്‍ ക്രൈം പൊലീസ്, സൈബര്‍ സെല്‍ എന്നിവരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

ഇതില്‍ 38 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും 38 പേരെ പിടികൂടുകയും ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് . 10 കേസുകള്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles
Next Story
Share it