ഹരിയാനയില്‍ നിന്ന് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലെത്തിയ സഹോദരിമാരില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
ഫരിദാബാദ് രാഹുല്‍ കോളനിയിലെ രമ്യബവനുവിന്റെ മകള്‍ മഹിയാണ് മരിച്ചത്

മഞ്ചേശ്വരം : ഹരിയാനയില്‍ നിന്ന് മഞ്ചേശ്വരത്തെ ബന്ധു വീട്ടിലെത്തിയ സഹോദരിമാരില്‍ ഒരാള്‍ മഞ്ഞപ്പിത്തവും പനിയും ബാധിച്ച് മരിച്ചു. ഒരാള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഹരിയാന ഫരിദാബാദ് രാഹുല്‍ കോളനിയിലെ രമ്യബവനുവിന്റെ മകള്‍ മഹി (9)യാണ് മരിച്ചത്. സഹോദരി കനിക(13)യാണ് മംഗളൂരുരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഹരിയാനയില്‍ നിന്ന് ഒരാഴ്ച മുമ്പാണ് മഹിയും കനികയും മഞ്ചേശ്വരം തുമ്മിനാട്ടെ ബന്ധുവീട്ടിലെത്തിയത്.
മഹിക്ക് ആദ്യം മഞ്ഞപ്പിത്തം ബാധിക്കുകയും പിന്നീട് പനി പിടിപെടുകയും ചെയ്തതോടെ വീട്ടില്‍ കിടപ്പിലായിരുന്നു. പിന്നീട് കനികയ്ക്കും മഞ്ഞപ്പിത്തം ബാധിക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ ഇവര്‍ കുട്ടികളെ ആസ്പത്രിയില്‍ ചികിത്സക്ക് കൊണ്ടുപോയില്ല. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് കുട്ടികളെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയ്ക്കിടെ തിങ്കളാഴ്ചയാണ് മഹി മരിച്ചത്.
സാമൂഹ്യപ്രവര്‍ത്തകരായ അബ്ദുല്‍ ലത്തീഫ്, ബാബ ആഷിഖ്, റഫീഖ്, അന്‍വര്‍, ഇമ്പു, ഹാരിസ്, ഷന്നു, ഖലീല്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളുടെ ചികില്‍സക്ക് വേണ്ടി മുന്നിട്ടിറങ്ങിയത്. മഹിയുടെ മൃതദേഹം ഉദ്യാവര്‍ ശ്മശാനത്തില്‍ അടക്കം ചെയ്തു.

