ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; അനക്കമില്ലാതെ മുളിയാര്‍ എ.ബി.സി കേന്ദ്രം; കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചില്ല

കാസര്‍കോട്: ജില്ലയില്‍ പെരുകുന്ന തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാനും തെരുവു നായ ആക്രമണത്തിന് തടയിടാനുമായി മുളിയാറില്‍ സജ്ജീകരിച്ച എ.ബി.സി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസ്സമായത്.

കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും എ.ബി.സി കേന്ദ്രത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക. കഴിഞ്ഞ മെയ് 19നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുളിയാര്‍ എ.ബി.സി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തനം നടത്താനാവുന്നില്ലെങ്കില്‍ തടുക്കപ്പെട്ട് എന്തിനാണ് ഉദ്ഘാടനം ചെയ്തതെന്ന്ാണ് നാട്ടുകാര്‍ ചോദിക്കുന്നത്. തെരുവുനായകള്‍ നാടും നഗരവും കീഴടക്കുമ്പോഴും നിസ്സഹമായി നോക്കി നില്‍ക്കേണ്ട സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ മൃഗ സംരക്ഷണ വകുപ്പ് 1.50 കോട്ി രൂപ മുടക്കിയാണ് മുളിയാറില്‍ എ.ബി.സി കേന്ദ്രം ഒരുക്കിയത്. കെട്ടിട നിര്‍മാണത്തിനായി 1.40 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപയും ചിലവഴിച്ചു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ പരിശോധന നടക്കേണ്ടതുണ്ട്. ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കണം. അതിന് ശേഷം മാത്രമേ അംഗീകാരം ലഭിക്കൂ. നേരത്തെ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ നല്‍കുന്ന വിവരങ്ങള്‍ പരിഗണിച്ചായിരുന്നു അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ കൂടുതല്‍ പരിശോധന വേണ്ടി വരും.

ജില്ലയില്‍ കാസര്‍കോട് തായലങ്ങാടിയിലും തൃക്കരിപ്പൂരിലുമുണ്ടായിരുന്ന എ.ബി.സി കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു രണ്ട് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. ഇതിന് ബദലായാണ് ജില്ലാ അടിസ്ഥാനത്തില്‍ മുളിയാറില്‍ എ.ബി.സി കേന്ദ്രം നിര്‍മിച്ചത്. തൃക്കരിപ്പൂര്‍ മുതല്‍ തലപ്പാടി വരെ എവിിടെയും പട്ടി പിടുത്തക്കാര്‍ എത്തും. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏജന്‍സികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരത്തിനായി എല്ലാ രേഖകളും സമര്‍പ്പിച്ചുവെന്നും മുളിയാറിലെ എ.ബി.സി കേന്ദ്രം പ്രവര്‍ത്തനത്തിനായി പൂര്‍ണസജ്ജമാണെന്നും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി പ്രശാന്ത് പറഞ്ഞു. പ്രവര്‍്ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ഏജന്‍സിയെ തയ്യാറാക്കിയെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it