എന്‍.എച്ച് സര്‍വീസ് റോഡിന് മണ്ണെടുത്തു; കല്ലങ്കൈയിലെ പഴയ സ്‌കൂള്‍ കെട്ടിടം അപകട ഭീഷണിയില്‍; പൊളിച്ചുമാറ്റണമെന്ന് ആവശ്യം

മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാത 66ൽ നടപ്പാത നിര്‍മിക്കവെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കല്ലങ്കൈയിലെ പ്രവര്‍ത്തിക്കാത്ത എ.എല്‍.പി സ്‌കൂള്‍ കെട്ടിടം റോഡിലേക്ക് പതിക്കുമെന്ന് ആശങ്ക. സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുകയാണ്. ദേശീയപാതയുടെ സര്‍വീസ് റോഡിന് സമീപം നിര്‍മ്മിക്കുന്ന നടപ്പാതയ്ക്ക് വേണ്ടിയാണ് പരിസരത്ത് നിന്ന് മണ്ണെടുത്തത്. മണ്ണെടുത്തതിന് പിന്നാലെ മണ്ണിടിച്ചിലുണ്ടാവുകയും സ്‌കൂള്‍ കെട്ടിടം അപകട ഭീഷണിയിലാവുകയുമായിരുന്നു.

കെട്ടിടത്തിന് തകര്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഫിറ്റ്വനസ് ഇല്ലാത്തതിനാലാണ് ഇവിടെ നിന്ന് നേരത്തെ ക്ലാസുകള്‍ മാറ്റിയത്. തുടര്‍ന്ന് കെട്ടിടം അതേപടി ഒഴിച്ചിടുകയായിരുന്നു. ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പഴയ കെട്ടിടം അവിടെത്തന്നെ നിലനില്‍ക്കുന്നത് ദേശീയപാതയ്ക്ക് ഭീഷണിയായി മാറുകയായിരുന്നു. സ്‌കൂള്‍ കുട്ടികളൊക്കെ കളിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായതിനാല്‍ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ആശങ്കയുമുണ്ട്. മുന്നൂറില്‍ പരം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.നാട്ടുകാര്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും കെട്ടിടം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദിവസേന കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it