ആത്മഹത്യക്ക് ശ്രമിച്ച കാസര്‍കോട്ടെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി കാര്‍ മറിഞ്ഞ് മരിച്ച സംഭവം; പൊലീസ് കേസെടുത്തു

കാസര്‍കോട് കെയര്‍വെല്‍ നഴ്സിംഗ് സ്‌കൂളില്‍ രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ബേത്തൂര്‍പാറ തച്ചാര്‍കുണ്ടിലെ മഹിമയുടെ മരണത്തിലാണ് അന്വേഷണം

കാസര്‍കോട്: ആത്മഹത്യക്ക് ശ്രമിച്ച കാസര്‍കോട്ടെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആസ്പത്രിയിലേക്കുള്ള യാത്രാ മധ്യേ കാര്‍ മറിഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് കെയര്‍വെല്‍ നഴ്സിംഗ് സ്‌കൂളില്‍ രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ബേത്തൂര്‍പാറ തച്ചാര്‍കുണ്ടിലെ മഹിമ(19)യുടെ മരണത്തിലാണ് അന്വേഷണം.

ബുധനാഴ്ച രാവിലെയാണ് മഹിമയെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കെട്ടഴിച്ച് മഹിമയെയും കൊണ്ട് ആസ്പത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ രണ്ട് കിലോ മീറ്റര്‍ അകലെ പടിമരുതിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹിമ മരണപ്പെടുകയായിരുന്നു. മഹിമയുടെ സഹോദരന്‍ മഹേഷ്(24) ആണ് കാര്‍ ഓടിച്ചിരുന്നത്.

അമ്മ വനജ(45), ബന്ധു വര്‍ഷ(22) എന്നിവരും കാറിലുണ്ടായിരുന്നു. മൂന്നുപേര്‍ക്കും നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി സമീപത്ത് തന്നെയുള്ള അമ്മ വനജയുടെ വീട്ടിലാണ് മഹിമ കിടന്നിരുന്നത്. ബുധനാഴ്ച രാവിലെ 6.30 മണിയോടെ സ്വന്തം വീട്ടിലെത്തിയ ശേഷം എഴുതാനുണ്ടെന്ന് പറഞ്ഞ് മഹിമ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാല്‍ സഹോദരന്‍ വാതില്‍ തുറന്നപ്പോഴാണ് മഹിമയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മഹിമയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അച്ഛന്‍ : പരേതനായ കെ ബാബു.

Related Articles
Next Story
Share it