കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് മേല്‍പ്പറമ്പില്‍ പിടിയില്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് കാസര്‍കോട് മേല്‍പ്പറമ്പില്‍ പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ സന്തോഷിന്റെ കാല്‍ ഒടിഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍പ്പറമ്പിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് തൊരപ്പന്‍ സന്തോഷിനെ പിടികൂടിയത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണിയാള്‍ എന്ന് പൊലീസ് പറഞ്ഞു. ഭിത്തി തുരന്ന് അകത്തു കടന്ന് കവര്‍ച്ച നടത്തുന്നതിനാലാണ് തൊരപ്പന്‍ എന്ന വിളിപ്പേര് വീണത്.

ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ എടുക്കാനായി യുവാക്കള്‍ എത്തിയതാണ് മോഷ്ടാവിന് വിനയായത്. അകത്ത് നിന്ന് സംശയാസ്പദമായ ശബ്ദം കേട്ടതോടെ യുവാക്കള്‍ വിവരം മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാര്‍ കെട്ടിടം വളഞ്ഞതോടെ സന്തോഷ് ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പക്ഷേ കാലൊടിഞ്ഞതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. സ്ഥാപന ഉടമ കെ. അനൂപിന്റെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ സന്തോഷ് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. ഇയാള്‍ പലവട്ടം പൊലീസ് പിടിയിലായിട്ടുണ്ട്.

Related Articles
Next Story
Share it