പൊലീസ് ഓഫീസറെ അടിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു; കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍
കൊലപാതകം ഉള്‍പ്പെടെ 22 ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അജയ് കുമാര്‍ ഷെട്ടിയെന്ന തേജുവാണ് അറസ്റ്റിലായത്

നീലേശ്വരം: പൊലീസ് ഓഫീസറെ അടിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെ 22 ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയി ആണ് അറസ്റ്റുചെയ്തത്. കാസര്‍കോട് കുഡ്‌ലു പാറക്കട്ട ആര്‍ഡി നഗറിലെ ശിവാനന്ദഷെട്ടിയുടെ മകന്‍ അജയ് കുമാര്‍ ഷെട്ടിയെന്ന തേജു (29) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 10 മണിയോടെ ദേശീയപാതയില്‍ കരുവാച്ചേരി പിഡബ്ല്യുഡി ഓഫീസിന് മുന്നിലെ റോഡില്‍ വെച്ചാണ് തേജു അക്രമാസക്തനായി ജനങ്ങളെ ഭീഷണപ്പെടുത്തുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീറിനെ അടിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തത്.
മാത്രമല്ല, അവിടെ കൂടിനിന്നിരുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് തേജുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കാസര്‍കോട്ട് കൊലപാതകശ്രമം, അടിപിടി, വര്‍ഗീയ കലാപം തുടങ്ങി 22 ഓളം കേസുകളില്‍ പ്രതിയായ തേജുവിനെ പൊലീസ് ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം ഹോസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

