സ്ഥലം മാറിയ അസിസ്റ്റന്റ് സര്‍ജന് പകരം ആളെ നിയമിച്ചില്ല; ആരോഗ്യ വകുപ്പ് ഉറപ്പ് പാലിച്ചില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥലം മാറിപ്പോയ അസിസ്റ്റന്റ് സര്‍ജന് പകരം ആളെ നിയമിക്കാമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അസിസ്റ്റന്റ് സര്‍ജന്റെ സ്ഥലം മാറ്റം നടപടികള്‍ക്ക് മുമ്പ് തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ആളെ നിയമിച്ചില്ല. നിലവിലെ അസിസ്റ്റന്റ് സര്‍ജന്‍ സ്ഥലം മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനും പരാതി നല്‍കി. ഒരു സര്‍ജനും അസിസ്റ്റന്റ് സര്‍ജനുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. മൂന്ന് ഫോറന്‍സിക് സര്‍ജനെ എങ്കിലും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിയമിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എം.എല്‍.എയും ആരോഗ്യ വകുപ്പ് ജീവനക്കാരും ഇന്ന്് യോഗം ഇന്ന് ചേരും.
24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടപടികള്‍ അനുവദിച്ച സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. മൂന്ന് വര്‍ഷം മുമ്പാണ് കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജിലും 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം നടപ്പിലായത്. അസിസ്റ്റന്റ് സര്‍ജന്റെ ഒഴിവു വന്നതിനാല്‍ ചൊവ്വാഴ്ച്ച ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം തടസ്സപ്പെട്ടിരുന്നു.