ഗതാഗതപരിഷ്‌കരണം മൂലം വലയുന്ന വ്യാപാരികള്‍ക്ക് മറ്റൊരു ദുരിതമായി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍

വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് നോ പാര്‍ക്കിങ്ങ് ബോര്‍ഡുകള്‍ കാണുന്നതോടെ ഒഴിഞ്ഞു പോകുന്നുവെന്നാണ് പരാതി

കുമ്പള : കുമ്പള ടൗണില്‍ ഗതാഗത പരിഷ്‌ക്കരണം വന്നതോടെ ബുദ്ധിമുട്ടനുവദിക്കുന്ന വ്യാപാരികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ തലങ്ങും വിലങ്ങും നോ പാര്‍ക്കിങ്ങ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് മറ്റൊരു ദുരിതമായി. രണ്ടാഴ്ച മുമ്പാണ് കുമ്പള ടൗണില്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗതാഗത പരിഷ്‌ക്കരണം കൊണ്ടുവന്നത്.

മംഗളൂരു, കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകളും മുള്ളേരിയ, ബദിയടുക്ക, കളത്തൂര്‍, പേരാല്‍ കണ്ണൂര്‍ ഭാഗങ്ങളില്‍ വരുന്ന ബസുകളും കുമ്പള ടൗണില്‍ ഒരിടത്ത് നിര്‍ത്താതെ നേരെ കുമ്പള - ബദിയടുക്ക റോഡില്‍ പുതിയതായി സ്ഥാപിച്ച ബസ് ഷെല്‍ട്ടറില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും ഇവിടെ തന്നെ പുറപ്പെടണം എന്നാണ് നിയമം.

ഇതോടെ കുമ്പള ടൗണില്‍ ജനങ്ങള്‍ എത്താത്തത് കാരണം വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഈ ദുരിതത്തിനിടെയാണ് കുമ്പള പഞ്ചായത്ത് അധികൃതര്‍ ചില സ്ഥാപനങ്ങളുടെ മുന്നില്‍ തലങ്ങും വിലങ്ങും നോ പാര്‍ക്കിങ്ങ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് നോ പാര്‍ക്കിങ്ങ് ബോര്‍ഡുകള്‍ കാണുന്നതോടെ ഒഴിഞ്ഞു പോകുന്നതായി വ്യാപാരികള്‍ പറയുന്നു.

മംഗളൂരു, കാസര്‍കോട് ഭാഗത്ത് വരുന്ന ബസുകളും മുളേളരിയ ബദിയടുക്ക തുടങ്ങി മറ്റു ഭാഗങ്ങളില്‍ വരുന്ന ബസുകളും കുമ്പള ടൗണില്‍ ഒരിടത്ത് യാത്രക്കാരെ ഇറക്കിയാല്‍ മതിയെന്നാണ് വ്യാപാരികളുടെ ആവശ്യം . ഇങ്ങനെ ചെയ്താല്‍ ഒരു പരിധി വരെ കച്ചവടം മെച്ചപ്പെടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനെതിരെ വ്യാപാരികളും മറ്റു ചില സംഘടനകളും കുമ്പള പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകള്‍ ഹര്‍ത്താലിനൊരുങ്ങുന്നുണ്ട്.

Related Articles
Next Story
Share it