ദേശീയപാതയിലും സംസ്ഥാന പാതയിലും രാത്രി ബസ് സര്‍വീസ് ആവശ്യം ശക്തം; യാത്രാ ദുരിതം രൂക്ഷം

കാസര്‍കോട്:സന്ധ്യ കഴിഞ്ഞാല്‍ കാസര്‍കോട് ഭാഗത്തേക്കും തിരിച്ചും സംസ്ഥാന പാതയിലും ദേശീയപാതയിലും ബസ് സര്‍വീസ് ഇല്ലാത്തത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്താത്തത് യാത്രക്കാരെ കുഴയ്്ക്കുകയാണ്. സന്ധ്യയായാല്‍ ചന്ദ്രഗിരി-കാഞ്ഞങ്ങാട് റോഡിലും ചെര്‍ക്കള ദേശീയപാത വഴി കണ്ണൂരിലേക്കും ആവശ്യത്തിന് ബസ്സില്ലെന്നാണ് പരാതി. ബസ് പ്രതീക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലേക്ക് എത്താന്‍ ഇതുമൂലം പ്രയാസമാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെര്‍ക്കള ദേശീയപാത, ചന്ദ്രഗിരി-കാഞ്ഞങ്ങാട് റൂട്ടുകളില്‍ രാത്രി പത്തുമണിവരെയെങ്കിലും കെ.എസ്.ആര്‍.ടി.സിബസുകള്‍ സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ചെവി കൊള്ളുന്നില്ലെന്നാണ് പരാതി. ഈ വിഷയത്തില്‍ ജനപ്രതിനിധികളും വേണ്ടവിധത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും യാത്രക്കാര്‍ക്കുണ്ട്. മറ്റ് ജില്ലകളില്‍ നിന്നോ ഏറെ ദൂരെ നിന്നോ കാസര്‍കോട്ട് എത്തി സന്ധ്യയാകുമ്പോഴേക്കും ബസ് കിട്ടാതെ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് പല യാത്രക്കാര്‍ക്കും. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വിതരണം മുടങ്ങിയത് മൂലം പ്രസ്തുത റൂട്ടുകളില്‍ ഏതാനും സര്‍വീസുകള്‍ മുടങ്ങുകയും ചെയ്തത് യാത്രാദുരിതം വര്‍ധിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഭീമമായ ഓട്ടോ ചാര്‍ജ് കൊടുത്താണ് നാട്ടിലേക്ക് മടങ്ങുന്നത്. ജില്ലയിലെ രാത്രികാല യാത്രാദുരിതം സംബന്ധിച്ച് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിഷയം അവതരിപ്പിച്ച് സംസാരിച്ചിരുന്നു. കാസര്‍കോട് താലൂക്ക് വികസന സമിതി അംഗങ്ങള്‍ പല യോഗങ്ങളിലുമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ചെവി കൊള്ളാന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികൃതരോ, കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതരോ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.