തലപ്പാടി-ചെങ്കള റീച്ച് NHAI ഏറ്റെടുത്തു; രണ്ടും മൂന്നും റീച്ചുകളില്‍ ആശങ്ക

കാസര്‍കോട്: ദേശീയ പാത 66ല്‍ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റീച്ച് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ ദേശീയ പാത അതോറിറ്റി ഏറ്റെടുത്തു. 39 കിലോ മീറ്റര്‍ നീളുന്ന റീച്ച് സംസ്ഥാനത്ത് തന്നെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന ആദ്യ റീച്ചാണ്. 1704.25 കോടിയുടെ പദ്ധതി വിഹിതം ചെലവഴിച്ച് യു.എല്‍.സി.സിയാണ് നിര്‍മാണപ്രവൃത്തിക്ക് നേതൃത്വം നല്‍കിയത്. 2021 നവംബര്‍ 18നാണ് പ്രവൃത്തി തുടങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനം നടത്തിയില്ലെങ്കിലും, നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കാസര്‍കോട് നഗരത്തെ ചുറ്റി നിര്‍മിച്ച, ദക്ഷിണേന്ത്യയിലെ ഏറ്റവും വീതിയുള്ള ഒറ്റത്തൂണ്‍ പാലവും ഒന്നാം റീച്ചിലാണ്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നിവിടങ്ങളിലായി നാല് വലിയ പാലങ്ങള്‍, നാല് ചെറുപാലങ്ങള്‍, ഒമ്പത് അടിപ്പാത, മുന്ന് മേല്‍ നടപ്പാലം, 81 ബോക്സ് കല്‍വര്‍ട്ട് എന്നിവയും ഒന്നാം റീച്ചിലുണ്ട്.

ദേശീയപാത ഒന്നാം റീച്ച് പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോഴും ജില്ലയിലെ രണ്ടും മൂന്നും റീച്ചില്‍ നിര്‍മാണ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാവും എന്നതാണ് ആശങ്ക. ജില്ലയിലെ രണ്ടും മൂന്നും റീച്ചുകളായ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് (കാലിക്കടവ് വരെ) റീച്ചുകളില്‍ നിര്‍മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. 37 കിലോ മീറ്റര്‍ നീളമുള്ള രണ്ടാം റീച്ചിലും മൂന്നാം 6.85 കിലോ മീറ്റര്‍ (കാസര്‍കോട് ജില്ല) നീളമുള്ള മൂന്നാം റീച്ചിലും മേഘ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗം ഉള്‍പ്പെടെ രണ്ടാം റീച്ചില്‍ പാതിവഴിയിലാണ് നിര്‍മാണം. ബേവിഞ്ച, തെക്കില്‍, വീരമലക്കുന്ന് എന്നിവിടങ്ങളില്‍ അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം മഴക്കാലത്ത് മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നതിനാല്‍ നിര്‍മാണം നടത്തിയില്ല. നീലേശ്വരത്തും നിര്‍മാണം എങ്ങുമെത്തിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലഘട്ടം പൂര്‍ത്തിയാവുന്ന മുറയ്ക്ക് രണ്ടും മൂന്നും റീച്ച് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമോ എന്നാണ് നിലവിലെ ആശങ്ക.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it