ചെര്‍ക്കള അല്ല 'ചേര്‍ക്കുളം'; എന്‍.എച്ച് സര്‍വീസ് റോഡ് ചെളിക്കുളമായി
തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടില്ല.

ചെര്‍ക്കള: റോഡേതാ കുഴിയേതാ എന്ന് പോലും തിരിച്ചറിയാനാവാത്ത നിലയില്‍ തകര്‍ന്നിരിക്കുകയാണ് ചെര്‍ക്കളയിലെ ദേശീയപാതാ സര്‍വീസ് റോഡ്. നാട്ടുകാരും തൊട്ടടുത്ത കടയുടമകളും പരാതി പറഞ്ഞു മടുത്തു. ചെര്‍ക്കളയില്‍ നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്കുള്ള അടിപ്പാത മുതല്‍ നൂറ് മീറ്ററിലധികം ദൂരം ദുസ്സഹമായ പാതയാണ് വാഹനങ്ങള്‍ക്ക് താണ്ടേണ്ടി വരുന്നത്. റോഡില്‍ രൂപപ്പെട്ട ചെറിയ ചെറിയ കുഴികള്‍ ചെറിയ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിക്കുന്നത്. മഴ കൂടി പെയ്തതോടെ യാത്രാ ദുരിതം ഇരട്ടിയായി. ഇരുചക്ര വാഹന യാത്രികരാണ് ഏറെ പ്രയാസപ്പെടുന്നത്. മുന്നിലുള്ള വാഹനങ്ങള്‍ പതിയെ പോകുന്നതിനാല്‍ അടുത്തത്തടുത്തായി രൂപപ്പെട്ട കുഴികളില്‍ കാല് കുത്തിയാല്‍ കാല് പാദം മുഴുവന്‍ സിമന്റും ചെളിയും കൊണ്ട് പൊതിയും. ഓരോ തവണ റോഡ് തകരുമ്പോഴും ടാറിടാതെ താത്കാലികമായി കുഴി അടക്കുന്നതിനാല്‍ സിമന്റും വെള്ളവും കലര്‍ന്ന മിശ്രിതം റോഡില്‍ മുഴുവന്‍ പരന്നിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരുടെയും തൊട്ടടുത്തുള്ള കടയുടമകളുടെയും അവസ്ഥ പരിതാപകരമാണ്. കടയിലേക്കും ചുമരുകളിലേക്കും ചെളി തെറിച്ച് വൃത്തികേടായി മാറി.
ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള ദേശീയപാത 66 രണ്ടാം റീച്ചില്‍ അശാസ്ത്രീയമായാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ നിര്‍മാണക്കമ്പനിക്കെതിരെ രംഗത്തുവന്നിരുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള യാത്ര കനത്ത ആശങ്കയാണ് യാത്രക്കാരില്‍ സൃഷ്ടിക്കുന്നത്. ചെര്‍ക്കളയിലെ റോഡ് തകര്‍ച്ച ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എന്‍.എ നെല്ലിക്കുന്ന്് എം.എല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളു മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതരും യോഗം ചേര്‍ന്നിരുന്നു. ചെര്‍ക്കളയിലെ തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടില്ല.
ചെര്‍ക്കളയിലെ റോഡ് തകര്‍ച്ചയും യാത്രാ ദുരിതവും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യമാണെന്ന് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ പറഞ്ഞു. ചെര്‍ക്കളയില്‍ പഞ്ചായത്ത് നിര്‍മിച്ച കള്‍വെര്‍ട്ട്, ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി തകര്‍ത്തതാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ കാരണം. ജൂണ്‍ ആദ്യവാരം മഴയില്ലാത്ത അവസരം ഉണ്ടായിട്ടും റോഡ് നന്നാക്കാന്‍ നിര്‍മാണകമ്പനി നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.