എന്‍.എച്ച് സര്‍വീസ് റോഡില്‍ ഇരു ദിശകളിലേക്കും യാത്ര ചെയ്യാം: ദേശീയ പാത അതോറിറ്റി

കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാവുന്ന ദേശീയപാത 66ല്‍ നിര്‍മാണം പൂര്‍ത്തിയായ റീച്ചുകളിലെ സര്‍വീസ് റോഡില്‍ ഇരു ദിശകളിലേക്കും വാഹനങ്ങള്‍ക്ക് ഗതാഗതം നടത്താമെന്ന് ദേശീയപാത അതോറിറ്റി. എന്ന്ാല്‍ നിലവില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ ഇതിന് നിയന്ത്രണം ഉണ്ടാവും. കേരളത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്്യ റീച്ചും ദേശീയപാത അതോറിറ്റി ഏറ്റെടുത്ത റീച്ചും ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള റീച്ചാണ്. തലപ്പാടി-ചെങ്കള റീച്ചിലെ സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ക്ക് ഇരുദിശകളിലേക്കും സര്‍വീസ് നടത്താനാവും. സര്‍വീസ് റോഡില്‍ എതിര്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അമിതവേഗതയും അശ്രദ്ധയും അപകടത്തിലേക്ക് നയിച്ചേക്കാം.

ദേശീയ പാത സര്‍വീസ് റോഡിലെ ഗതാഗതം സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം നല്‍കിയ വിവരാകാശ അപേക്ഷയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍വീസ് റോഡില്‍ ഇരുദിശകളിലേക്കും വാഹന ഗതാഗതം അനുവദിക്കുന്നത് ഏറെ ആശ്വാസകരമാകും. അടിപ്പാതയിലൂടെ കടന്ന് ഏറെ സഞ്ചരിച്ചാണ് വാഹനങ്ങള്‍ എതിര്‍ഭാഗത്തേക്ക് എത്തുന്നത്. ഗതാഗതം അനുവദിച്ച് അതോറിറ്റി നിലപാട് വ്യക്തമാക്കിയതോടെ ഇനി ഇന്ധനവും സമയവും ലാഭിക്കാനാവും.

ജില്ലയില്‍ 39 കിലോ മീറ്റര്‍ നീളുന്ന തലപ്പാടി ചെങ്കള റീച്ചില്‍ അവസാന മിനുക്കുപണി നടക്കുകയാണ്. നടപ്പാതയില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ പാകുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it