എന്‍.എച്ച് ചെങ്കള -തലപ്പാടി സര്‍വീസ് റോഡില്‍ നടപ്പാത ഒരുങ്ങുന്നു; രണ്ടും മൂന്നും റീച്ചില്‍ നിര്‍മാണപ്രവൃത്തിക്ക് ഇഴച്ചില്‍

കാസര്‍കോട്: ദേശീയപാത 66ല്‍ ആദ്യ റീച്ചില്‍ തലപ്പാടി-ചെങ്കള റീച്ചില്‍ സര്‍വീസ് റോഡിന് സമാന്തരമായി നടപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇരു സര്‍വീസ് റോഡിലെയും നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പാകിത്തുടങ്ങി. 39 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തലപ്പാടി-ചെങ്കള റീച്ചില്‍ ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ നൂറ് ശതമാനം പൂര്‍ത്തിയാവും. നിലവില്‍ പ്രധാന പാതയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ബസ് സ്‌റ്റോപ്പുകളില്‍ ഷെല്‍ട്ടറുകളും സ്ഥാപിച്ചുകഴിഞ്ഞു. ആദ്യറീച്ചില്‍ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തുമ്പോഴും രണ്ടും മൂന്നും റീച്ചായ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ റീച്ചുകളില്‍ നിര്‍മാണപ്രവൃത്തികള്‍ ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്.

രണ്ടാം റീച്ചായ ചെങ്കള-നീലേശ്വരം പാതയ്ക്ക് 37.26 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മൂന്നാം റീച്ചായ നീലേശ്വരം-തളിപ്പറമ്പ് പാതയ്ക്ക് 40.11 കിലോ മീറ്ററാണ് ദൈര്‍ഘ്യമെങ്കിലും ജില്ലയില്‍ കാലിക്കടവ് വരെ മാത്രമാണ് പരിധിയുള്ളത്. ഇത് 6.85 കിലോ മീറ്ററാണ് ദൈര്‍ഘ്യം വരുന്നത്. രണ്ട് റീച്ചിലും നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത് മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ്. ചെങ്കള-നീലേശ്വരം റീച്ചില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള നിര്‍മാണ പ്രവൃത്തിയാണ് ഏറെ വെല്ലുവിളി നേരിടുന്നത്. രണ്ട് പ്രധാന പാലങ്ങള്‍ ഉള്‍പ്പെടുന്ന റീച്ചില്‍ ബേവിഞ്ചയിലും തെക്കിലിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇടക്കിടെ പെയ്ത മഴയും വെല്ലുവിളിയായി. മൂന്നാം റീച്ചായ നീലേശ്വരം-തളിപ്പറമ്പ റൂട്ടില്‍ 85 ശതമാനത്തോളം നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കി. ചെറുവത്തൂരിലെ വീരമലക്കുന്ന് ഭീഷണിയായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ മതില്‍ ഇവിടെ പണിയണമെന്ന ആവശ്യം ശക്തമാണ്. കനത്ത മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ വീരമലക്കുന്ന്, തെക്കില്‍ വഴിയുള്ള വാഹന ഗതാഗതം വഴിതിരിച്ചുവിടേണ്ട സാഹചര്യമാണ്. മഴ ഇത്തവണ നേരത്തെ വന്നതും ആഗസ്റ്റ് മാസത്തിലും മഴ തുടരുന്നതിനാല്‍ നിര്‍മാണ പ്രവൃത്തിയും തടസ്സപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലഘട്ടം പൂര്‍ത്തിയാവുന്ന മുറയ്ക്ക് രണ്ടും മൂന്നും റീച്ച് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it