നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയാണ് മരിച്ചത്

ഉദുമ : നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ നന്ദന(20)യെ ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെരിയ ആയംപാറ വില്ലാരംപൊതി പള്ളിക്കാലിലെ കെ രവിയുടെയും സീനയുടെയും മകളായ നന്ദനയെ ഏപ്രില്‍ 26നാണ് രഞ്ജേഷ് വിവാഹം ചെയ്തത്.
ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ഞായറാഴ്ച രാവിലെ നന്ദന താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാട്ടി അമ്മ സീനക്ക് ഫോണ്‍ സന്ദേശമയച്ചിരുന്നു. സീന ഇക്കാര്യം ഭര്‍തൃവീട്ടുകാരെ അറിയിച്ചു. കിടപ്പുമുറിയുടെ വാതിലില്‍ വീട്ടുകാര്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ആര്‍.ഡി.ഒ ബിനുജോസഫ്, എസ്. ഐ കെ.എന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തത്. വിവാഹത്തിന് മുമ്പ് നന്ദന കാസര്‍കോട്ട് ലാബ് ടെക്നീഷ്യയായി ജോലി ചെയ്തിരുന്നു. യുവതിയുടെ മരണത്തില്‍ രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൊലീസ് ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും.

