നൗഫലിന്റെ മരണം; കൊലക്കേസ് പ്രതിയടക്കം പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു
നൗഫല്‍ കര്‍ണ്ണാടകയില്‍ നിന്ന് ഓടിച്ചു വന്ന സ്‌കൂട്ടര്‍ മഞ്ചേശ്വരം ബഡാജെ പാലത്തിന് സമീപത്ത് കണ്ടത്തി

ഉപ്പള : ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം മരിച്ചനിലയില്‍ കാണപ്പെട്ട നൗഫലിന്റെ സ്‌കൂട്ടറില്‍ നിന്ന് പൊലീസ് നായ മണം പിടിച്ച് ഓടി നിന്നത് നൗഫല്‍ മരിച്ചു കിടന്ന സ്ഥലത്ത്. മരണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കൊലക്കേസ് പ്രതിയടക്കം പത്തോളം പേരെ ചോദ്യം ചെയ്തു. മൃതദേഹത്തിന്റെ പാന്റ്സിന്റെ കീശയില്‍ നിന്നാണ് നൗഫലിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ പൊലീസിന് കിട്ടിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നൗഫല്‍ കര്‍ണ്ണാടകയില്‍ നിന്ന് ഓടിച്ചു വന്ന സ്‌കൂട്ടര്‍ മഞ്ചേശ്വരം ബഡാജെ പാലത്തിന് സമീപത്ത് കണ്ടത്തി.
വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധന നടത്തി. സ്‌കൂട്ടറിന്റെ മുന്‍ വശത്തെ പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ നൗഫലിന്റെ ഒരു ജോഡി ഷൂ കണ്ടെത്തി. സ്‌കൂട്ടറിന്റെയും ഷൂവിന്റെയും മണം പിടിച്ച് ഓടിയ നായ ഒന്നര കിലോ മീറ്റര്‍ ദൂരം നൗഫല്‍ മരിച്ചു കിടന്ന ഉപ്പള ഗേറ്റിനടുത്ത റെയില്‍പാളത്തിന് സമീപമെത്തി നില്‍ക്കുകയായിരുന്നു.
വിവാഹ വീട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം നൗഫലും സുഹൃത്തുക്കളും ചേര്‍ന്ന് ബഡാജെ പാലത്തിന് സമീപം മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പിരിഞ്ഞു പോയതോടെ സമനില തെറ്റിയ നൗഫല്‍ നടന്നു നീങ്ങുന്നതിനിടെ തീവണ്ടി തട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബഡാജെ പാലത്തിന് സമീപത്ത് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഒരു സംഘം എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ നൗഫലും ഉണ്ടാകാറുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

