ദേശീയപാത നിര്‍മാണം; പരിശോധന കുറഞ്ഞതോടെ കുഴല്‍പ്പണവും മദ്യവും ഒഴുകുന്നു

കാസര്‍കോട്: ദേശീയ പാത നിര്‍മാണത്തെ തുടര്‍ന്ന് പരിശോധന കുറഞ്ഞതോടെ ജില്ലയിലേക്ക് കുഴല്‍പ്പണവും മദ്യവും ഒഴുകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ജില്ലയില്‍ പിടികൂടിയത് 11,00,200 രൂപയാണ്. 2024ല്‍ 16,95,600 രൂപയുടെ കുഴല്‍പ്പണവും ജില്ലയില്‍ പിടികൂടി. ദേശീയ പാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പലയിടങ്ങളിലും എക്‌സൈസ്-പൊലീസ് പരിശോധന കുറഞ്ഞതാണ് കടത്തുസംഘങ്ങള്‍ക്ക് സഹായകരമായത്. ദേശീയ പാതയില്‍ വാഹന പരിശോധന കുറഞ്ഞതോടെ അനധികൃത മദ്യവും ജില്ലയിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം മിനിലോറിയില്‍ കടത്തിയ 1445 ലിറ്റര്‍ മദ്യം അടുക്കത്തുബയലില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി 2682 ലിറ്റര്‍ മദ്യമാണ് ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 5525 ലിറ്റര്‍ ഇതര സംസ്ഥാന മദ്യവും എക്‌സൈസ് സംഘം പിടികൂടി. ദേശീയ പാത 66 തലപ്പാടി മുതല്‍ ചെങ്കള വരെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് പരിശോധനകള്‍ക്ക് കുറവുണ്ടായത്. അതിര്‍ത്തി ചെക്‌പോസ്റ്റ് മുതല്‍ ദേശീയ പാതയുടെ വിവിധ ഇടങ്ങളില്‍ പരിശോധന കുറഞ്ഞത് മുതലെടുത്താണ് കടത്തുസംഘം മദ്യവും കുഴല്‍പ്പണവും കടത്തുന്നത്.

അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുന്ന കഞ്ചാവ് കേസുകളും നിരവധിയാണ്. വാഹന പരിശോധനയിലുള്‍പ്പെടെ ജില്ലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 145.8 കിലോ ഗ്രാം കഞ്ചാവാണ് ജില്ലയില്‍ പിടികൂടിയത്. പുകയില ഉല്‍പ്പന്ന്ങ്ങളുടെ വിതരണം, കടത്ത്, എന്നിവ തടയുന്നതിനായി നടത്തിയ പരിശോധനയില്‍ കോട്പ ആക്ട് പ്രകാരം 4121 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it