യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസ്സത്തയെ തന്നെ വിസ്മരിച്ച് അധികാരങ്ങള്‍ കവര്‍ന്നെടുത്തും പദ്ധതി വിഹിതം വെട്ടിക്കുറച്ചും വകമാറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്താവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്.
പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നികുതി പിരിക്കാനുള്ള ഉപകരണങ്ങളാക്കി മാത്രം മാറ്റി തനത് ഫണ്ട് പോലും ട്രഷറിയിലേക്ക് മാറ്റി പിന്‍വലിക്കാനും ചിലവഴിക്കാനുമാകാതെ പ്രാദേശിക വികസനത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അവശ്യ ഫണ്ടും ജീവനക്കാരെയും നല്‍കാതെ പ്രാദേശിക ഭരണസമിതികളെ കഴിഞ്ഞ 5 വര്‍ഷവും ശ്വാസം മുട്ടിക്കുകയായിരുന്നു.
നികുതികളും ഫീസുകളും കുത്തനെ വര്‍ധിപ്പിച്ച് സാധാരണക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയും കൈമാറ്റം ചെയ്ത സ്ഥാപനങ്ങളുടെ വികസനത്തിനോ പരിപാലനത്തിനോ പോലും ഫണ്ട് നല്‍കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതികരിക്കാനും നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി കൈകോര്‍ക്കാനും മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികളും വോട്ടര്‍മാരും തയ്യാറാവണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, ടി.സി.എ റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി എന്നിവര്‍ പ്രസംഗിച്ചു.

