ഡോക്ടര്‍മാരുടെ ഒഴിവ് നൂറിലധികം; നിയമന ശുപാര്‍ശ കിട്ടിയിട്ടും ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍

കാസര്‍കോട്: പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം തുടരുന്നു. ജില്ല കാലങ്ങളായി നേരിടുന്ന പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരം കാണാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. നിരവധി തവണ ജില്ലയിലെ എം.എല്‍.എമാര്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഡോക്ടര്‍മാരുടെ അഭാവം ജില്ലയെ വലക്കുകയാണ്. പി.എച്ച്.സി , സി.എച്ച്.സി , താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.
ജില്ലയില്‍ നിലവിലുള്ള ജനറല്‍ കേഡറിലുള്ള ഒഴിവുകളില്‍ 37 ഡോക്ടര്‍മാര്‍ക്ക് പി.എസ്.സി മുഖാന്തിരം നിയമന ശുപാര്‍ശ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ 19 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതില്‍ 16 പേരും ഉപരി പഠനത്തിനായി അവധിയില്‍ പോയി. മൂന്ന് പേര്‍ മാത്രമേ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളൂ.
ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും ഒഴിവുകള്‍ നികത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ 140ല്‍ അധികം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നികത്താനുള്ളത്. നിരന്തരം വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിന് ശാശ്വത പരിഹാരം കാണാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലിയില്‍ പ്രവേശിച്ചിട്ടില്ലാത്ത മുഴുവന്‍ ഒഴിവുകളും നിയമനാധികാരിയായ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പറഞ്ഞു