പീഡനത്തിനിരയായ പതിമൂന്നുകാരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; പിതാവിന്റെ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു
നടുവേദനയെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്

കാഞ്ഞങ്ങാട്: പീഡനത്തിനിരയായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരിയെ വിദഗ്ധ ചികില്‍സക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എട്ടാം തരം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പിതാവിന്റെ രക്തസാമ്പിള്‍ കൂടുതല്‍ അന്വേഷണത്തിനായി പരിശോധനക്കയച്ചു.
കര്‍ണ്ണാടക കുടക് സ്വദേശിയും കൂലിതൊഴിലാളിയുമായ പിതാവ് ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. നടുവേദനയെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മാതാവിനോടും മറ്റ് ബന്ധുക്കളോടും വെളിപ്പെടുത്തി.
തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതി വിദേശത്ത് കടക്കാന്‍ പാസ്‌പോര്‍ട്ടിനായി ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.