'മെഡിക്കല്‍ കോളേജ്' പേരില്‍ മാത്രം; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജനറല്‍ ആശുപത്രി

കാസര്‍കോട് : പേരില്‍ മാറ്റം വരുത്തി ബോര്‍ഡ് സ്ഥാപിച്ചത് മാത്രം. കാസര്‍കോട് ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കിയിട്ടും ആസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ്. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയും ഡോക്ടര്‍മാരുടെ അഭാവവും ആശുപത്രിയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുകയാണ്. നിലവിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇത് രോഗികള്‍ക്കും ഒരു പോലെ ദുരിതം സൃഷ്ടിക്കുകയാണ്. മഴക്കാലമായതിനാല്‍ അപകടത്തില്‍പെടുന്നവരും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവരും ആശ്രയിക്കുന്നത് ഇവിടെയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തത് നിലവിലെ ഡോക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. അവധിയും വിശ്രമവും ഇല്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന മുറിക്ക് മുന്നിലും ജനറല്‍ ഒ.പി ,പനി ഒ പി, അത്യാഹിത വിഭാഗം എന്നിവക്ക് മുന്നിലെല്ലാം രാവിലെ മുതല്‍ രാത്രി വരെ രോഗികളുടെ നീണ്ട നിരയാണ് .കുട്ടികളിലടക്കം മഞ്ഞപ്പിത്തവും പനിയും വയറിളക്കവും ചര്‍ദ്ദിയും പടരുകയാണ്.കുടുംബ സമേതമാണ് പല പ്രദേശങ്ങളിലും മഞ്ഞപ്പിത്തവും വിവിധ പനികളും പടരുന്നത്. ആശുപത്രി വാര്‍ഡുകളും ഐ.സി.യു വും രോഗികളെ കൊണ്ട് നിറഞ്ഞു. ജനറല്‍ ഒ.പിയിലെയും പനി ഒ.പിയിലെയും പല ഡോക്ടര്‍മാക്കും ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പലപ്പോഴും സമയം കിട്ടാറില്ലെന്നാണ് പരാതി. മഴ ശക്തമായി തുടരുന്നതിനാല്‍ വീണ് എല്ല് പൊട്ടി എത്തുന്നവരുടെ എണ്ണം കൂടി വരികയാണ് .ആവശ്യത്തിന് അസ്ഥിരോഗ വിദഗ്ദ്ധരില്ലാത്തതിനാല്‍ തിരിച്ചടിയാവുകയാണ്. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ എന്നും രോഗികളുടെ നീണ്ട ക്യൂവാണ്.

മെഡിക്കല്‍ കോളേജ് (ജനറല്‍ ആശുപത്രി) ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം തുടര്‍ക്കഥയാവുകയാണ്. പി.എസ്.സി പരീക്ഷ നടത്തി നിയമന ശുപാര്‍ശ അയച്ചെങ്കിലും പലരും ജോലിയില്‍ പ്രവേശിക്കാതെ തുടര്‍പഠനത്തിനായി അവധിയില്‍ പോയിരിക്കുകയാണ്.

കാസര്‍കോട് ഉക്കിനടുക്കയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് കോഴ്‌സ് അനുവദിക്കുന്നതിന് മുന്നോടിയായുള്ള ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന കണക്കിലെടുത്താണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ബോര്‍ഡ് സ്ഥാപിച്ചത്. കോഴ്‌സ് അനുവദിക്കാന്‍ ഉള്ള മാനദണ്ഡങ്ങള്‍ ഉക്കിനടുക്കയിലെ ആശുപത്രിക്ക് ഇല്ലാത്തതിനാലാണ് ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജിന്റെ ടീച്ചിംഗ് ആശുപത്രിയായി ഉത്തരവിട്ടത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it