ജില്ലയില്‍ വ്യാപക എം.ഡി.എം.എ, കഞ്ചാവ് വേട്ട; പ്രതികള്‍ ഓടിരക്ഷപ്പെട്ടു

പ്രതികള്‍ക്കെതിരെ പൊലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു

കാസര്‍കോട്: ജില്ലയിലുടനീളം വ്യാപക എം.ഡി.എം.എ കഞ്ചാവ് വേട്ട. ഞായറാഴ്ച പകലും രാത്രിയിലുമായി നടത്തിയ റെയ്ഡില്‍ ഗ്രാം കണക്കിന് എം.ഡി.എം.എയും കഞ്ചാവും ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ബേക്കല്‍, മൈലാട്ടി, ബന്തിയോട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ.എം അഹമ്മദ് കബീറിന്റെ (30) വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.45 ഗ്രാം കഞ്ചാവും 0.33 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അഹമ്മദ് കബീറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.45 മണിയോടെയാണ് പൊലീസ് കബീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. പൊലീസ് വാതിലില്‍ മുട്ടിയപ്പോള്‍ പിതാവ് വാതില്‍ തുറന്ന ഉടന്‍ തന്നെ കബീര്‍ മയക്കുമരുന്ന് സൂക്ഷിച്ച പൊതി മുറിയിലേക്ക് എറിഞ്ഞശേഷം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും കബീറിനെ കണ്ടെത്താനായില്ല.

മൈലാട്ടി ചെറുകരയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. എന്നാല്‍ വില്‍പ്പനക്കെത്തിച്ച ആള്‍ രക്ഷപ്പെട്ടു. കെ. ബാദുഷയെ(39) ആണ് 2.010 കിലോ കഞ്ചാവുമായി ഹൊസ് ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിമൈലാട്ടി 220 കെ.വി സബ് സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവ് ഇടപാടിനിടെ ബാദുഷ പിടിയിലായത്.

കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടുവന്ന ആര്യനടുക്കത്തെ ബിനു മാങ്ങാട് ആണ് രക്ഷപ്പെട്ടത്. ബിനുവിനെ രണ്ടാംപ്രതിയാക്കി പൊലീസ് എന്‍.ഡി.പി.എസ് കേസെടുത്തു. കഞ്ചാവ് ഇടപാട് സംബന്ധിച്ച് പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. എക് സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെ, അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജേക്കബ് എസ്, പി.ഒ ഗ്രേഡ് മഹേഷ് കെ, നിഷാദ് പി, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ മനോജ് പി, സിജു കെ, അരുണ്‍ ആര്‍ കെ, അജൂബ്, സി ഇ ഒ ഡ്രൈവര്‍ ദിജിത്ത് പി വി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ബന്തിയോട് അടുക്കയില്‍ 100 ഗ്രാം കഞ്ചാവുമായി വയോധികനെ എക്സൈസ് അറസ്റ്റ് ചെയ്തു. അടുക്കയില്‍ വെച്ച് എച്ച്. കെ അബ്ദുല്ല(63) എന്നയാളെയാണ് കാസര്‍കോട് എക് സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അബ്ദുല്ല പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ശ്രീനിവാസന്‍ പത്തില്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ, അജീഷ് , പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ജുനാഥന്‍, രാജേഷ് ,വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സ്വാതി എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it