റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രില്‍സും ഗ്ലാസും മുറിച്ചുമാറ്റി അരലക്ഷത്തോളം രൂപ കവര്‍ന്നു
മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍

കാസര്‍കോട്: റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രില്‍സും ഗ്ലാസും മുറിച്ചുമാറ്റി വന്‍ കവര്‍ച്ച. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടി മഡോണ ചര്‍ച്ചിന് സമീപം പ്രവര്‍ത്തിക്കുന്ന ചില്ലീസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
മുന്‍വശത്തെ പച്ചക്കറിക്കടയുടെ ഗ്രില്‍സും അകത്തെ ഗ്ലാസും മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ച 42,000 രൂപ കവര്‍ന്നതായി കടയുടമ അറിയിച്ചു. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഉള്ളാള്‍ സ്വദേശിയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും ലഭിച്ച സൂചന. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മംഗളൂരുവിലെ ഹോട്ടലില്‍ കവര്‍ച്ച നടത്തിയതും ഇതേ യുവാവാണെന്നാണ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.








