ആരിക്കാടി ടോള്‍ ഗേറ്റിലേക്ക് ബഹുജന മാര്‍ച്ച്; പൊലീസ് തടഞ്ഞു; നേരിയ സംഘര്‍ഷം

കുമ്പള: നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്ന ആരിക്കാടി ടോള്‍ ഗേറ്റിലേക്ക് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടോള്‍ ഗേറ്റ് പരിസരത്ത് മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.ടോള്‍ഗേറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കര്‍മസമിതി നേതാക്കള്‍ പറഞ്ഞു. ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.
ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതി വിപുലീകരിച്ചിരുന്നു.
ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതുവരെ നിര്‍മാണ പ്രവൃത്തി തുടങ്ങില്ല എന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. കര്‍മസമിതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.
ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം.