കാറുകളില്‍ കടത്താന്‍ ശ്രമിച്ച 123 കിലോ കഞ്ചാവുമായി അഡൂര്‍ ബാങ്ക് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

സിറ്റി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

ആദൂര്‍: മംഗളൂരുവില്‍ കാറുകളില്‍ കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി അഡൂര്‍ ബാങ്ക് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ സര്‍വീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ട് ഉരുഡൂരിലെ എം.കെ മസൂദ്(45), ദേലംപാടി പരപ്പ സ്വദേശികളായ മുഹമ്മദ് ആഷിഖ്(24), സുബൈര്‍(30) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മൂന്നുപേരും മിസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്.

രണ്ട് കാറുകളിലായി മംഗളൂരുവിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് മൂഡബിദ്രി മത്തഡെക്കരയില്‍ വാഹനപരിശോധനയിലേര്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ എത്തിയ പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 43 ലക്ഷം രൂപ വില വരുന്ന 123 കിലോ കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കാറുകളും കഞ്ചാവും അഞ്ച് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മസൂദിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇക്കാര്യം ദേലമ്പാടി പഞ്ചായത്ത് യു.ഡി.എഫ് ലെയ്സണ്‍ കമ്മിറ്റിയോഗത്തില്‍ ചര്‍ച്ചയാവുകയും മസൂദിനെ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it