ഭാര്യയും കൊച്ചുമകളും ഉറങ്ങുകയായിരുന്ന മുറിയിലേക്ക് പെട്രോളൊഴിച്ച് തീയിട്ട ഭര്‍ത്താവിന് പൊള്ളലേറ്റ് ഗുരുതരം

പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫ് ആണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്

കാസര്‍കോട് : ഭാര്യയും കൊച്ചുമകളും ഉറങ്ങുകയായിരുന്ന കിടപ്പുമുറിയിലേക്ക് പെട്രോളൊഴിച്ച് തീയിട്ട ഭര്‍ത്താവിന് പൊള്ളലേറ്റ് ഗുരുതരം. പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫ്(65)ആണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ഭാര്യ സിസിലിയും കൊച്ചുമകളായ ആറുവയസുകാരിയും കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു.

ഇതിനിടെ ജോസഫ് മുറിയുടെ ജനല്‍ വഴി അകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഞെട്ടിയുണര്‍ന്ന സിസിലി കൊച്ചുമകളെയും കൂട്ടി മുറിയില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ തീ ജോസഫിന്റെ ദേഹത്ത് പടര്‍ന്ന് പൊള്ളലേറ്റു. നിലവിളി കേട്ട് പരിസരവാസികളും പാണത്തൂര്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തുകയും തീയണക്കുകയുമായിരുന്നു.

അപകടത്തില്‍ കിടക്കയും ജനലും കത്തിനശിച്ചു. പൊള്ളലേറ്റ ജോസഫിനെ ഉടന്‍ തന്നെ പൊലീസുകാര്‍ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ജോസഫും സിസിലിയും വര്‍ഷങ്ങളായി അകന്ന് കഴിയുകയാണ്. സിസിലി മകന്‍ ഷാജിക്കും ഭാര്യക്കും ആറുവയസുള്ള മകള്‍ക്കുമൊപ്പമാണ് താമസം.

Related Articles
Next Story
Share it