നരഹത്യാശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍

അജാനൂര്‍ തെക്കുപുറത്തെ ടിഎം സമീര്‍ എന്ന ലാവ സമീറിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ തെക്കുപുറത്തെ ടിഎം സമീര്‍ എന്ന ലാവ സമീറിനെ(42)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി സി.കെ സുനില്‍കുമാറിന്റെ സ്‌ക്വാഡും ഇന്‍സ്പെക്ടര്‍ പി അജിത് കുമാറും ചേര്‍ന്ന് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായതോടെ സമീറിനെതിരെ കാപ്പ ചുമത്തിയിരുന്നു.

ഈ വിവരമറിഞ്ഞതോടെ സമീര്‍ ഒളിവില്‍ പോയി. ബംഗളൂരു, മുംബൈ, നേപ്പാള്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ സമീര്‍ വാട്സ് ആപ്പ് കോളുകള്‍ വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. ഇതുമൂലം പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ സമീര്‍ നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. സമീര്‍ പെരിയയിലെത്തി പെട്രാള്‍ പമ്പില്‍ നിന്ന് എണ്ണ നിറയ്ക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. എന്നാല്‍ രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് സംഘം പൂച്ചക്കാട്ട് വെച്ച് സമീറിനെ പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it