സ്വര്‍ണം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ കേസ്
അഡൂര്‍ ദേലംപാടിയിലെ റിഫാദയുടെ പരാതിയില്‍ ഭര്‍ത്താവ് കുമ്പഡാജെ ബെളിഞ്ചയിലെ ഇബ്രാഹിം ബാദുഷക്കെതിരെയാണ് കേസെടുത്തത്

ആദൂര്‍: കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. അഡൂര്‍ ദേലംപാടിയിലെ റിഫാദ(22)യുടെ പരാതിയില്‍ ഭര്‍ത്താവ് കുമ്പഡാജെ ബെളിഞ്ചയിലെ ഇബ്രാഹിം ബാദുഷക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. 2018 മെയ് 18നാണ് റിഫാദയെ ഇബ്രാഹിം ബാദുഷ വിവാഹം ചെയ്തത്.
വിവാഹവേളയില്‍ ഇബ്രാഹിമിന് സ്ത്രീധനമായി എട്ട് പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. കര്‍ണ്ണാടക ഈശ്വരമംഗലം കാവിലാണ് ആദ്യം ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് കുമ്പഡാജെ ബെളിഞ്ചയിലെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റി. ഇതിനിടെ കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഇബ്രാഹിം റിഫാദയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് വരികയായിരുന്നു.
2025 ആഗസ്ത് ഏഴിന് രാവിലെ 11.45ന് ഇതേ ആവശ്യമുന്നയിച്ച് മര്‍ദ്ദിക്കുകയും ചവിട്ടുകയും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് റിഫാദ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.