നാട് ഉത്രാടപ്പാച്ചിലില്‍; നബിദിനത്തിന് നാടൊരുങ്ങി

കാസര്‍കോട്: വര്‍ണാഭമായ ഓണാഘോഷങ്ങളിലേക്കും പ്രവാചക സ്നേഹം നിറഞ്ഞു തുളുമ്പുന്ന നബിദിനാഘോഷത്തിലേക്കും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപ്പാച്ചിലാണ് നാടും നഗരവും. കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ ഓണമാഘോഷിക്കാന്‍ ഒരുങ്ങുകയാണ്. മിക്കവരും വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ്.ഓണക്കോടി വാങ്ങാനും പൂക്കള്‍ വാങ്ങാനുമായി നഗരങ്ങളില്‍ വന്‍ തിരക്കാണ്. തിരുവോണവും നബിദിനവും ഒന്നിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് മലയാളികള്‍.

പള്ളികളും മദ്രസകളും നബിദിനത്തെ വരവേല്‍ക്കാന്‍ അലങ്കരിച്ചൊരുങ്ങി. നാളെ രാവിലെ മദ്രസാ വിദ്യാര്‍ത്ഥികളുടെ വര്‍ണാഭമായ ഘോഷയാത്ര ഉണ്ടാവും. തളങ്കര കേന്ദ്രീകരിച്ച് മാലിക് ദീനാര്‍ പള്ളിയിലേക്കാണ് ഘോഷയാത്ര നീങ്ങുക. ദഫ് മുട്ടും സ്‌കൗട്ട് പ്രദര്‍ശനവുമൊക്കെ ഘോഷയാത്രയ്ക്ക് പൊലിമയേകും. ഇവ കടന്നുപോവുന്ന വഴികളില്‍ മധുര പാനീയവും പഴവര്‍ഗങ്ങളും പലഹാര പാക്കറ്റുകളും നല്‍കി വിദ്യാര്‍ത്ഥികളെ വിവിധ സംഘടനകളും കൂട്ടായ്മകളും വരവേല്‍ക്കും. നാടിന്റെ പല ഭാഗങ്ങളും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിവിധ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക സാഹിത്യ മത്സരങ്ങള്‍ അരങ്ങേറും. പല സംഘടനകളും ദഫ് മുട്ട് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it